കഥ
വരദ അതായിരുന്നു അവളുടെ പേര്…
ഒരുപാട് സ്വപ്‌നങ്ങള്‍ ഒന്നും ഇല്ലാതിരുന്നൊരു പാവം പെണ്ണ്….
ബാല്യകൗമാരങ്ങളുടെ കുഞ്ഞു വസന്തങ്ങളെ ശലഭ ശോഭയാക്കിയൊരു സാധാ നാട്ടിന്‍പുറത്തുകാരി പെണ്ണൊരുത്തി
നന്മയെ നാരായമാക്കി നാവിലെഴുതിയവള്‍ ……
കാലചക്രത്തിന്റെ രഥമുരുണ്ടപ്പോള്‍ മാറ്റങ്ങള്‍ക്കൊപ്പം അവളും മറ്റൊരു നാട്ടിലേക്ക് പറിച്ചു നടപ്പെട്ടു വിവാഹരൂപത്തില്‍……
അറിവില്ലായ്മയുടെ തീക്കാറ്റില്‍ ആടിയുലഞ്ഞൊരു കളിവഞ്ചിയില്‍ ദിക്കറിയാത്തൊരു യാത്രക്കാരിയാകേണ്ടി വന്നു അവള്‍ക്ക്…
പ്രാരാബ്ധങ്ങളുടെ തിരമാലകള്‍ക്കിടയില്‍ കുഞ്ഞു സ്വപ്‌നങ്ങള്‍ക്കെന്നും അതിര്‍ത്തി കല്‍പ്പിച്ചൊരു ചാവേറായി നിലകൊണ്ടവള്‍…..
ഒറ്റ സ്വപ്‌നം…..അഭയാര്‍ത്തിക്യാമ്പില്‍ നിന്നും പാലായനം ചെയ്യുന്ന പോലെ വാടകവീടുകളില്‍നിന്നും പേരറിയാത്ത നൊമ്പരങ്ങളും പേറി ജീവിതം നേരിട്ടപ്പോള്‍ ഉള്ളില്‍ ഒരു ഒറ്റ മുറി അവളുടെ കുഞ്ഞു മനസില്‍ ഒരു സ്വപ്‌നമായി എന്നും….
സ്വന്തമായി ഒരു ഒറ്റ മുറി…. വൃത്തിയുള്ള ചുമരുകളുള്ള പാറ്റയും പഴുതാരയും കൂടുവയ്ക്കാത്ത….
ജീവിതം കയ്പ്പില്‍ നിന്നും കയ്പ്പിലേക്ക് പോയപ്പോഴും ഉള്ളില്‍ അണയാതെ ഒരു ചിരാതിനെ അവള്‍ കാത്തു കൊണ്ടിരുന്നു…..
പിന്നെപ്പോഴൊക്കെയോ ജീവിത നൗകയില്‍ അവള്‍ ഒറ്റ സഞ്ചാരിയായി….
ഒരു കുഞ്ഞു കൈവിരല്‍ ചേര്‍ത്തു പിടിച്ചു തെരുവിലേക്ക് ശൂന്യമായി
ഉള്ളില്‍ അപ്പോഴും ഉണ്ടായിരുന്നു ആ കുഞ്ഞു സ്വപ്‌നം ഒരു ഒറ്റ മുറി……..വൃത്തിയുള്ള ചുമരുകളുള്ള….കൈകള്‍ ശൂന്യമായ അവളുടെ സ്വപ്‌നങ്ങള്‍ക്ക് അപ്പോള്‍ എരിഞ്ഞടങ്ങിയ തിരിനാളം പോലെ വേദന ആയിരുന്നു…..
ഒരിക്കലും സ്വന്തമാകാത്ത ആ സ്വപ്‌നം….
പാഞ്ഞടുത്തൊരു ബസിന്റെ മുന്നില്‍ പൊലിഞ്ഞപ്പോള്‍ വരദയുടെ ആ മോഹം……
ഇന്നവള്‍ സ്വന്തമായൊരു മുറിക്കുള്ളില്‍ ആണ് പാറ്റയും പഴുതാരയും കൂടുകുട്ടിയ ഭയപ്പെടാതെ മണ്ണിന്റെ മേല്‍ക്കുരക്കടിയില്‍ ശാന്തമായി ഉറങ്ങുന്നുണ്ട് ഒരിക്കലും പൂര്‍ത്തിയാകാത്ത വൃത്തിയുള്ള ചുമരുകളുള്ള ആ ഒറ്റ മുറി അവള്‍ക്ക് അപ്പോഴും അന്യമായിരുന്നു……


