അബുദാബി: വോട്ടര്‍ പട്ടികയുടെ സ്പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) ഫോം വിതരണം ഇന്ത്യയില്‍ തകൃതിയായി നടക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസി മലയാളികളികള്ക്കിടയിലും അതിന്റെ അലയൊലികള്‍ സജീവം. വോട്ടര്‍ പട്ടികയില്‍ നിന്നു തങ്ങളുടെ പേരുകള്‍ പോകാതെ നോക്കുന്നതിനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്. ചിലര്‍ വീട്ടുകാര്‍ക്ക് തങ്ങളുടെ രേഖകള്‍ അയച്ചു കൊടുക്കുമ്പോള്‍ ചിലര്‍ ഓണ്‍ലൈന്‍ ലിങ്കില്‍ ഒരു കൈ നോക്കുകയാണ്. മറ്റു ചിലരാകട്ടെ ആദ്യഘട്ടം കഴഞ്ഞതിനു ശേഷം ഡിസംബര്‍ ഒമ്പതു മുതല്‍ വരുന്ന രണ്ടാം ഘട്ടത്തിനായി കാക്കുകയാണ്.
ഇതുവരെ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയ എന്‍ആര്‍ഐമാര്‍ക്ക് (നോണ്‍ റസിഡന്റ് ഇന്ത്യന്‍സ്) പേര് ചേര്‍ക്കാനുള്ള സുവര്‍ണാവസരമാണിതെന്നും ചില പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍പ് പ്രവാസികള്‍ക്ക് വോട്ടു രേഖപ്പെടുത്താന്‍ അവസരമേയില്ലായിരുന്നു. എറെ നാളത്തെ സമ്മര്‍ദങ്ങള്‍ക്കു ശേഷമാണ് വോട്ടുചെയ്യാനുള്ള അവസരം ലഭിക്കുന്നത്. അതിനാല്‍ അതു പ്രയോജനപ്പെടുത്തണമെന്ന രീതിയിലുള്ള പ്രചാരണം പ്രവാസികള്‍ക്കിടയില്‍ വ്യാപകമാണ്. 2010ലാണ് ഇന്ത്യയില്‍ എന്‍ആര്‍ഐ വോട്ടര്‍ രജിസ്ട്രേഷന് ആരംഭിക്കുന്നത്. ഓവര്‍സീസ് ഇലക്ടര്‍മാരായി എന്ആര്ഐമാരെ രജിസ്റ്റര്‍ ചെയ്യാന്‍ ഇലക്ഷന് കമ്മീഷന് അനുമതി നല്‍കിയത് 2011ലാണ്.
പ്രവാസികള്‍ക്ക് വോട്ടേഴ്സ് സര്‍വീസസ് പോര്‍ട്ടലായ https://voters.eci.gov.in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ പരിശോധിക്കാം. അതിനു ശേഷം നേരിട്ടോ ഓണ്‍ലൈനായോ എന്യുമറേഷന് ഫോം പൂരിപ്പിക്കുകയും ചെയ്യാം. വെബ് പോര്‍ട്ടലിലുള്ള ഫോം 6എ ആണ് പൂരിപ്പിക്കേണ്ടത്. വോട്ടര്‍ പട്ടികയില്‍ സ്വന്തം പേര് എന്‍ആര്‍ഐ വോട്ടര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന കാര്യം ഉറപ്പാക്കുകയും വേണം. കരടു വോട്ടര്‍ പട്ടിക ഡിസംബര്‍ ഒമ്പതിനും അന്തിമ വോട്ടര്‍ പട്ടിക അടുത്ത വര്‍ഷം ഫെബ്രുവരിയിലുമാണ് പ്രസിദ്ധീകരിക്കുക.

