കൊച്ചി: ഹോട്ടല്‍ ബുക്കിങ്ങിന്റെ മറവിലും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നതായി പരാതി. കൊച്ചിയിലേക്കും കുമരകത്തേക്കും ഹോട്ടലുകളില്‍ റൂം ബുക്ക് ചെയ്യുന്നവരാണ് നിലവില്‍ തട്ടിപ്പിന് ഇരയായിരിക്കുന്നവര്‍. വിദേശ വിനോദ സഞ്ചാരികളും ആഭ്യന്തര വിനോദ സഞ്ചാരികളും തട്ടിപ്പിന് ഇരയായിട്ടുണ്ട്. മുറികള്‍ ബുക്കിങ് പൂര്‍ത്തിയാക്കിയതിനു ശേഷം ഹോട്ടലിലെ റിസര്‍വേഷന്‍ വിഭാഗത്തില്‍ നിന്നാണെന്ന പേരില്‍ അതിഥികളെ വിളിക്കുന്നതാണ് തട്ടിപ്പിന്റൈ പ്രധാന രീതി. ചിലപ്പോള്‍ ഇങ്ങനെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നത് ഇമെയില്‍ വഴിയോ വാട്സാപ്പ് വഴിയോ ആയിരിക്കും.
അഡ്വാന്‍സ് പേമെന്റ് നല്‍കിയില്ലെങ്കില്‍ റൂം ബുക്കിങ് റദ്ദാക്കുമെന്നോ ഉയര്‍ന്ന വിഭാഗത്തിലുള്ള മുറികള്‍ ഡിസ്കൗണ്ട് നിരക്കില്‍ ലഭ്യമാണെന്നു പറയുകയോ ഒക്കെയായിരിക്കും ഇക്കൂട്ടര്‍ ചെയ്യുക. പറയുന്നത് എന്തായാലും ഏതെങ്കിലും രീതിയില്‍ പണം ആവശ്യപ്പെട്ടിരിക്കും. അതിനായി പേമെന്റ് ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്നതാണ് സാധാരണ രീതി. ചിലപ്പോള്‍ ക്യ ആര് കോഡ് ഷെയര്‍ ചെയ്ത് അതിലൂടെ പണം അയയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. പ്രധാനമായും ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റുകളില്‍ കൂടി ഹോട്ടലുകളില്‍ റൂം ബുക്ക് ചെയ്യുന്നവരെയാണ് ഇത്തരത്തില്‍ തട്ടിപ്പുകാര്‍ സമീപിക്കുന്നത്. ഹോട്ടലുമായി കസ്റ്റമര്‍ അതുവരെയും ബന്ധപ്പെട്ടിട്ടില്ലാത്തതിനാല്‍ വിശ്വാസയോഗ്യമായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ക്കു വിരുതു കൂടും.

