ശ്രീനഗർ: ജമ്മു കശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങൾ അടിച്ചമർത്തുന്നതിനായി ഇന്ത്യൻ സൈന്യവും പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ ത്രാഷി-1’ (Operation Trashi-1) വൻ വിജയം. കിഷ്ത്വാറിലെ ദുർഘടമായ മലനിരകളിലും വനമേഖലകളിലും ഏകദേശം 326 ദിവസം നീണ്ടുനിന്ന അതിസാഹസികമായ ദൗത്യത്തിനൊടുവിലാണ് ഭീകരശൃംഖലയെ സൈന്യം തകർത്തത്.
ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ പ്രമുഖ കമാൻഡറായിരുന്ന സൈഫുള്ളയെ സൈന്യം വെടിവെച്ചുകൊന്നു. 2016-ൽ വധിക്കപ്പെട്ട ബുർഹാൻ വാനിയെപ്പോലെ കശ്മീരിൽ അക്രമങ്ങൾ പടർത്താൻ ശ്രമിച്ചിരുന്ന പ്രധാനിയായിരുന്നു ഇയാൾ.
റോഡുകളോ സമതലങ്ങളോ ഇല്ലാത്ത, ഗതാഗതത്തിന് അതീവ പ്രയാസമുള്ള കിഷ്ത്വാറിലെ മലനിരകളിൽ ഏകദേശം ഒരു വർഷത്തോളമാണ് സൈന്യം നിലയുറപ്പിച്ചത്. സൈന്യത്തിന്റെ ‘വൈറ്റ് നൈറ്റ് കോർപ്സ്’ ആണ് ഈ അപകടകരമായ ദൗത്യത്തിന് നേതൃത്വം നൽകിയത്. ഭീകരരുടെ ഒളിത്താവളങ്ങൾ കണ്ടെത്തുന്നതിനായി എഫ്.പി.വി ഡ്രോണുകൾ (FPV Drones), സാറ്റലൈറ്റ് ഇമേജറി, മറ്റ് അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ എന്നിവ സൈന്യം ഫലപ്രദമായി ഉപയോഗിച്ചു.
പ്രാദേശിക ജനവിഭാഗങ്ങളിൽ നിന്ന് ലഭിച്ച കൃത്യമായ വിവരങ്ങളും മിലിട്ടറി ഇന്റലിജൻസും ദൗത്യം വിജയിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.കഴിഞ്ഞ ജനുവരിയിൽ കത്വയിൽ നടന്ന ഏറ്റുമുട്ടലിൽ ജെയ്‌ഷെ കമാൻഡർ ഉസ്മാനെ വധിച്ചതും ഈ ഓപ്പറേഷന്റെ ഭാഗമായിരുന്നു. മേഖലയിലെ ഭീകരവാദത്തിന്റെ വേരറുക്കാൻ ഈ വിജയം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്

