ഭാരതത്തിന്റെ അതിര്‍ത്തികളില്‍ അശാന്തി വിതയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കൃത്യമായ ഭാഷയില്‍ മറുപടി നല്‍കുന്ന ഇന്ത്യയുടെ കരുത്തുറ്റ മുഖമാണ് ‘ഓപ്പറേഷന്‍ സിന്ദൂറിലൂടെ’ ലോകം കണ്ടത്. 2025 ഏപ്രില്‍ മാസത്തില്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 നിരപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കിയ ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടി കേവലം ഒരു തിരിച്ചടിയായിരുന്നില്ല മറിച്ച് ശത്രുവിന്റെ സൈനിക ആസ്ഥാനങ്ങളുടെ അടിത്തറ ഇളക്കിയ കൃത്യതയാര്‍ന്ന ഒരു തന്ത്രപ്രധാന നീക്കമായിരുന്നു.
മാസങ്ങളോളം തങ്ങള്‍ക്കേറ്റ കനത്ത ആഘാതം ലോകത്തിന് മുന്നില്‍ നാണക്കേട് ഭയന്ന് മറച്ചുവെക്കാന്‍ ശ്രമിച്ച പാകിസ്ഥാന്‍, ഒടുവില്‍ വര്‍ഷാവസാന പത്രസമ്മേളനത്തില്‍ ആ കയ്‌പ്പേറിയ സത്യങ്ങള്‍ ഓരോന്നായി വിറയലോടെ തുറന്നു സമ്മതിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ആധുനിക ഡ്രോണുകള്‍ക്ക് മുന്നില്‍ തങ്ങളുടെ പ്രതിരോധം പാളിയെന്ന് പാകിസ്ഥാന്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ പ്ലാനിംഗും കരുത്തും എത്രത്തോളമുണ്ടെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുന്നതായിരുന്നു പാക് വിദേശകാര്യ മന്ത്രിയുടെ ഈ തുറന്നുപറച്ചില്‍
പഹല്‍ഗാം ആക്രമണത്തിന് പ്രതികാരമായി മെയ് 7-ന് പുലര്‍ച്ചെയാണ് ഇന്ത്യന്‍ സായുധ സേന ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. പാക് അധിനിവേശ കശ്മീരിലെ ഒമ്പത് ഭീകര ക്യാമ്പുകളെ ചുട്ടുചാമ്പലാക്കിക്കൊണ്ടായിരുന്നു തുടക്കം. എന്നാല്‍ ഭീകരകേന്ദ്രങ്ങള്‍ക്കപ്പുറം അവര്‍ക്ക് താവളമൊരുക്കുന്ന പാകിസ്ഥാന്റെ പ്രധാന സൈനിക കേന്ദ്രങ്ങളെ കൂടി ലക്ഷ്യമിടാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു. റാവല്‍പിണ്ടിയിലെ അതിപ്രധാനമായ നൂര്‍ ഖാന്‍ വ്യോമതാവളമടക്കം 11 വ്യോമതാവളങ്ങളെയാണ് ഇന്ത്യന്‍ ഡ്രോണുകളും മിസൈലുകളും ഉന്നം വെച്ചത്.
വെറും 36 മണിക്കൂറിനുള്ളില്‍ 80-ഓളം ഡ്രോണുകളാണ് അതിര്‍ത്തി കടന്ന് പാക് വ്യോമതാവളങ്ങളിലേക്ക് കുതിച്ചെത്തിയത്. ഇതില്‍ ഭൂരിഭാഗവും തടഞ്ഞുവെന്ന് പാകിസ്ഥാന്‍ അവകാശപ്പെടുമ്പോഴും, നൂര്‍ ഖാന്‍ ബേസിലുണ്ടായ സ്‌ഫോടനങ്ങളും നാശനഷ്ടങ്ങളും അവര്‍ക്ക് നിഷേധിക്കാനായില്ല.ആക്രമണത്തിന്റെ വ്യാപ്തി കുറച്ചുകാണിക്കാന്‍ പാക് ഭരണകൂടം ശ്രമിക്കുമ്പോഴും പുറത്തുവരുന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. പാകിസ്ഥാന്‍ തന്നെ പുറത്തുവിട്ട പട്ടികയില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന കാലയളവില്‍ കൊല്ലപ്പെട്ട 138 സൈനികരുടെ വിവരങ്ങളുണ്ട്. നാശനഷ്ടങ്ങള്‍ നിസ്സാരമാണെന്ന പാക് വാദത്തെ ഇന്ത്യന്‍ ആര്‍മി വെറ്ററന്‍ ലെഫ്റ്റനന്റ് ജനറല്‍ കെ.ജെ.എസ്. ധില്ലണ്‍ ശക്തമായി തള്ളിക്കളയുന്നു.
നൂര്‍ ഖാന്‍ വ്യോമതാവളത്തിന് പുറമെ സര്‍ഗോധ, റഫീഖി, ജേക്കബാബാദ് തുടങ്ങിയ കേന്ദ്രങ്ങള്‍ക്കും കനത്ത നാശമുണ്ടായതായി ഉപഗ്രഹ ചിത്രങ്ങള്‍ തെളിയിക്കുന്നു. ഇന്ത്യ തൊടുത്തുവിട്ട മിസൈലുകള്‍ ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതാണോ എന്ന് തിരിച്ചറിയാന്‍ പാകിസ്ഥാന് ലഭിച്ചത് വെറും 45 സെക്കന്‍ഡ് മാത്രമായിരുന്നു. ഈ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ ആയുധങ്ങളുടെ പ്രഹരശേഷിയെയും വേഗതയെയും ലോകത്തിന് മുന്നില്‍ ഒരിക്കല്‍ കൂടി വിളിച്ചോതുന്നു.
വെറുമൊരു മിന്നലാക്രമണം എന്നതിലുപരി ശത്രുവിന്റെ സൈനിക അച്ചടക്കത്തെയും പ്രതിരോധ സംവിധാനങ്ങളെയും പൂര്‍ണ്ണമായും തകര്‍ക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ ഓപ്പറേഷന്റെ വിജയം. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിരോധ നയതന്ത്രം കൂടുതല്‍ ശക്തമായതിന്റെ സൂചനയായാണ് വിദേശ നിരീക്ഷകര്‍ ഈ നീക്കത്തെ വിലയിരുത്തുന്നത്

