മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം; പാർലമെന്റിൽ ചരിത്രനീക്കം

ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ ആദ്യമായി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ പാർലമെന്റിൽ ഔദ്യോഗികമായി നോട്ടീസ് സമർപ്പിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയാണ് ‘ഇന്ത്യ’ (INDIA) സഖ്യത്തിലെ 193 എം.പിമാർ ഒപ്പിട്ട നോട്ടീസ് ലോക്‌സഭയിലും രാജ്യസഭയിലും നൽകിയത്.

ലോക്‌സഭയിലെ 130 എം.പിമാരും രാജ്യസഭയിലെ 63 എം.പിമാരും ചേർന്നാണ് ഈ സംയുക്ത നീക്കം നടത്തിയത്. തൃണമൂൽ കോൺഗ്രസ് മുൻകൈയെടുത്ത ഈ നീക്കത്തിന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പൂർണ്ണ പിന്തുണ നൽകി.ഭരണഘടനാ പദവിയിലിരുന്ന് ഏകപക്ഷീയമായും വിവേചനപരമായും പെരുമാറി, വോട്ടർ പട്ടിക പുതുക്കുന്നതിലെ ക്രമക്കേടുകൾ വഴി ലക്ഷക്കണക്കിന് ആളുകളെ പട്ടികയിൽ നിന്ന് ഒഴിവാക്കി, തെരഞ്ഞെടുപ്പ് സംബന്ധമായ പരാതികളിലെ അന്വേഷണങ്ങൾ തടസ്സപ്പെടുത്തി തുടങ്ങിയവയാണ് മുഖ്യ കമ്മീഷണർക്കെതിരെയുള്ള പ്രധാന ആരോപണങ്ങൾ.ഭരണഘടനയുടെ 324(5) അനുച്ഛേദം അനുസരിച്ച്, ഒരു സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്ന അതേ സങ്കീർണ്ണമായ നടപടിക്രമങ്ങളിലൂടെ മാത്രമേ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും പുറത്താക്കാൻ സാധിക്കൂ.

നോട്ടീസ് അംഗീകരിക്കപ്പെടുകയാണെങ്കിൽ, ലോക്‌സഭ സ്പീക്കറും രാജ്യസഭ ചെയർമാനും ചേർന്ന് ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കും. സുപ്രീം കോടതി ജഡ്ജി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, പ്രമുഖനായ ഒരു നിയമവിദഗ്ധൻ എന്നിവരടങ്ങുന്നതായിരിക്കും ഈ സമിതി.

Leave a Reply

Your email address will not be published. Required fields are marked *