ബോണ്ടായ് ബീച്ച് ഭീകരാക്രമണം: റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം; പ്രധാനമന്ത്രിക്ക് കത്തയച്ചു

കാന്‍ബെറ: ബോണ്ടായ് ബീച്ച് ഭീകരാക്രമണത്തെക്കുറിച്ചും രാജ്യത്ത് വര്‍ധിച്ചുവരുന്ന ജൂതവിരുദ്ധതയെക്കുറിച്ചും അന്വേഷിക്കാന്‍ ‘കോമണ്‍വെല്‍ത്ത് റോയല്‍ കമ്മീഷനെ’ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രേലിയന്‍ പ്രതിപക്ഷം രംഗത്ത്.

പ്രതിപക്ഷ നേതാവ് സൂസന്‍ ലേ ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.ക്രിസ്മസിന് മുമ്പ് തന്നെ കമ്മീഷനെ നിയമിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

നിലവിലെ സംസ്ഥാനതല അന്വേഷണങ്ങള്‍ക്ക് പരിമിതികളുണ്ട്. ദേശീയ സുരക്ഷ, കുടിയേറ്റം, വിസ നടപടികള്‍, ഇന്റലിജന്‍സ് ഏകോപനം, ഫെഡറല്‍ സ്ഥാപനങ്ങളുടെ വീഴ്ചകള്‍ എന്നിവ പരിശോധിക്കാന്‍ സംസ്ഥാനതല അന്വേഷണത്തിന് അധികാരമില്ല. അതിനാല്‍, പൂര്‍ണ്ണമായ അധികാങ്ങളുള്ള ഒരു കോമണ്‍വെല്‍ത്ത് റോയല്‍ കമ്മീഷന്‍ അനിവാര്യമാണ്.

ബോണ്ടി ബീച്ച് ആക്രമണം ഒറ്റപ്പെട്ട സംഭവമല്ലെന്നും, രാജ്യത്ത് വര്‍ധിച്ചുവരുന്ന തീവ്രവാദവും ജൂതവിരുദ്ധതയും തടയുന്നതില്‍ ഉണ്ടായ ദേശീയ പരാജയത്തിന്റെ ഫലമാണെന്നും പ്രതിപക്ഷം ആരോപിച്ചു. മുന്നറിയിപ്പുകള്‍ അവഗണിച്ചതെങ്ങനെയെന്നും, സുരക്ഷാ വീഴ്ചകള്‍ ഉണ്ടായതെങ്ങനെയെന്നും ഓസ്ട്രേലിയന്‍ ജനതയ്ക്ക് അറിയാന്‍ അവകാശമുണ്ട്.

റോയല്‍ കമ്മീഷന്റെ അന്വേഷണ പരിധിയില്‍ വരേണ്ട കാര്യങ്ങളെക്കുറിച്ചുള്ള വിശദമായ കരട് രേഖയും പ്രതിപക്ഷം പുറത്തുവിട്ടു.

ബോണ്ടി ആക്രമണത്തിന് മുമ്പ് ലഭിച്ച ഇന്റലിജന്‍സ് മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെട്ടോ?സര്‍വകലാശാലകളിലും കലാരംഗത്തും ജൂതവിരുദ്ധത വളരുന്നുണ്ടോ?

തീവ്രവാദ ആശയങ്ങളുള്ളവര്‍ക്ക് വിസയോ പൗരത്വമോ നല്‍കുന്നതില്‍ കുടിയേറ്റ വകുപ്പിന് വീഴ്ച പറ്റിയോ?വിദേശത്ത് നിന്നുള്ള സാമ്പത്തിക സഹായങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ? ഇവയാണ് കരട് രേഖയിലെ പ്രധാന പ്രതിപാദ്യങ്ങള്‍

”ഇത് സത്യത്തിനും ഉത്തരവാദിത്തത്തിനും വേണ്ടിയുള്ള പോരാട്ടമാണ്. ബോണ്ടിയിലെ ഇരകള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ സത്യസന്ധമായ അന്വേഷണം വേണം. വെറുപ്പ് വച്ചുപൊറുപ്പിക്കുകയും മുന്നറിയിപ്പുകള്‍ അവഗണിക്കുകയും ചെയ്തതിന്റെ ഫലമാണ് ബോണ്ടിയില്‍ കണ്ടത്,” സൂസന്‍ ലേ പറഞ്ഞു.

കമ്മീഷനെ നിയമിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പ്രതിപക്ഷം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *