ചീഫ് ഇലക്ഷൻ കമ്മീഷണറെ പുറത്താക്കാനുള്ള പ്രതിപക്ഷ പ്രമേയം തള്ളി; നടപടിക്രമങ്ങളിൽ ചട്ടലംഘനമെന്ന് സ്പീക്കറും ചെയർമാനും

ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ജ്ഞാനേഷ് കുമാറിനെ ഔദ്യോഗിക പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസുകൾ ലോക്‌സഭാ സ്പീക്കർ ഓം ബിർളയും രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണനും തള്ളി. മതിയായ തെളിവുകളുടെ അഭാവവും ഭരണഘടനാപരമായ നടപടിക്രമങ്ങളിലെ പോരായ്മകളും ചൂണ്ടിക്കാട്ടിയാണ് തിങ്കളാഴ്ച ഈ തീരുമാനം ഉണ്ടായത്.

ഇലക്ഷൻ കമ്മീഷണർ പക്ഷപാതപരമായി പെരുമാറുന്നുവെന്നും, വോട്ടർ പട്ടിക പുതുക്കുന്നതിൽ ക്രമക്കേട് കാട്ടിയെന്നും, അന്വേഷണങ്ങൾ തടസ്സപ്പെടുത്തുന്നുവെന്നുമാണ് പ്രതിപക്ഷം ആരോപിച്ചത്. ഇതിനായി ആർട്ടിക്കിൾ 324(5) പ്രകാരം 130 ലോക്‌സഭാ എംപിമാരും 63 രാജ്യസഭാ എംപിമാരും ഒപ്പിട്ട നോട്ടീസാണ് സമർപ്പിച്ചത്.ജഡ്ജസ് ഇൻക്വയറി ആക്ട് 1968′ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പ്രതിപക്ഷത്തിന്റെ നോട്ടീസ് പരാജയപ്പെട്ടുവെന്ന് സഭാധ്യക്ഷന്മാർ വ്യക്തമാക്കി. ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ഭരണപക്ഷം വാദിച്ചു.

ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിൽ ആദ്യമായാണ് ഒരു ചീഫ് ഇലക്ഷൻ കമ്മീഷണറെ പുറത്താക്കാനായി ഇത്രയധികം എംപിമാർ ഒപ്പിട്ട പ്രമേയം വരുന്നത്. എന്നാൽ ഇത് സഭ പരിഗണിക്കാത്തത് പ്രതിപക്ഷത്തിന് തിരിച്ചടിയായി.സുപ്രീം കോടതി ജഡ്ജിയെ പുറത്താക്കുന്നതിന് തുല്യമായ സങ്കീർണ്ണമായ നടപടിക്രമങ്ങളാണ് ചീഫ് ഇലക്ഷൻ കമ്മീഷണറെ നീക്കം ചെയ്യാനും വേണ്ടത്. പാർലമെന്റിന്റെ ഇരുസഭകളിലും പ്രത്യേക ഭൂരിപക്ഷത്തോടെ (Special Majority) പ്രമേയം പാസാക്കിയാൽ മാത്രമേ ഇത് സാധ്യമാകൂ.ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമമാണിതെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *