മെൽബൺ: മെൽബണിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോക്ടർ സൈമൺ ഗോർഡനെതിരെ അനാവശ്യവും ജീവിതത്തെ മാറ്റിമറിക്കുന്നതുമായ ശസ്ത്രക്രിയകൾ നടത്തിയെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. എപ്‌വർത്ത് ഹോസ്പിറ്റലിലെ മുൻ ഗൈനക്കോളജിസ്റ്റായിരുന്ന ഇദ്ദേഹത്തിനെതിരെ ഇരുന്നൂറിലധികം മുൻ രോഗികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
എൻഡോമെട്രിയോസിസ് (Endometriosis) അതിതീവ്രമാണെന്ന് തെറ്റായി രോഗനിർണ്ണയം നടത്തി രോഗികളുടെ ശരീരത്തിലെ കോശങ്ങളും അവയവങ്ങളും ഡോക്ടർ നീക്കം ചെയ്തതായാണ് പ്രധാന ആരോപണം. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷം നടത്തിയ പത്തോളജി പരിശോധനകളിൽ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ഒരിടത്തും കണ്ടെത്തിയിരുന്നില്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.
ഡോക്ടറുടെ ചികിത്സയ്ക്ക് ഇരയായ സ്റ്റെഫി എന്ന സ്ത്രീക്ക് ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ (Hysterectomy) നടത്തേണ്ടി വന്നു. പത്തോളജി റിപ്പോർട്ടുകൾ കണ്ടതിന് ശേഷമാണ് തനിക്ക് ശസ്ത്രക്രിയയുടെ ആവശ്യമുണ്ടായിരുന്നോ എന്ന് ഇവർ സംശയിച്ചു തുടങ്ങിയത്. “ഓരോ ദിവസവും എനിക്ക് പാനിക് അറ്റാക്കുകൾ ഉണ്ടാകുന്നു, രാത്രിയിൽ ദുസ്വപ്നങ്ങൾ കണ്ട് ഞെട്ടി ഉണരുന്നു. ഉറങ്ങാൻ പോലും സാധിക്കുന്നില്ല,” അവർ തന്റെ ദുരവസ്ഥ വിവരിച്ചു.
മറ്റൊരു രോഗിയായ മേരി സ്പാനോസ് തന്റെ അനുഭവം എ.ബി.സിയുടെ ‘ഫോർ കോർണേഴ്സ്’ പരിപാടിയിലൂടെ പങ്കുവെച്ചു. 2020-ൽ തനിക്ക് അതീവ ഗുരുതരമായ എൻഡോമെട്രിയോസിസ് ഉണ്ടെന്ന് ഡോക്ടർ സൈമൺ ഗോർഡൻ രോഗനിർണ്ണയം നടത്തുകയും കോശങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. ഇതേത്തുടർന്ന് കഠിനമായ വേദനയാണ് അവർ അനുഭവിക്കുന്നത്. എന്നാൽ പരിശോധനയ്ക്ക് അയച്ച അഞ്ച് കോശ സാമ്പിളുകളിലും രോഗത്തിന്റെ ലക്ഷണങ്ങളില്ലെന്നാണ് റിപ്പോർട്ട് വന്നത്. മുൻ പോൾ ഫിറ്റ്‌നസ് ഇൻസ്ട്രക്ടറായ ജെസ് ഫോസ്റ്ററിനും സമാനമായ അനുഭവമാണുണ്ടായത്; രോഗമില്ലെന്ന് പത്തോളജി റിപ്പോർട്ട് വന്ന് ദിവസങ്ങൾക്കകം തന്നെ അവർക്ക് ‘ഡീപ് ഇൻഫിൽട്രേറ്റിംഗ് എൻഡോമെട്രിയോസിസ്’ ഉണ്ടെന്ന് ഡോക്ടർ വിധിയെഴുതുകയായിരുന്നു.
രോഗികളുടെ പരാതികൾ വ്യാപകമായതോടെ മെഡിക്കൽ ലോകത്തെ ഞെട്ടിച്ച ഈ സംഭവത്തിൽ അതീവ ഗൗരവകരമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്.

