തിരുവനന്തപുരം(വിഴിഞ്ഞം): കഴക്കൂട്ടം-കാരോട് ദേശീയപാതയിൽ നിയന്ത്രണം തെറ്റിയ ലോറി, റോഡിന്റെ ബാരിക്കേഡ് ഇടിച്ചുതകർത്ത് 20 അടിയോളം താഴ്ചയുളള സർവീസ് റോഡിലേക്ക് വീണു. ലോറി താഴേക്ക് വീണ സമയത്ത് മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി.
ലോറി ഓടിച്ചിരുന്ന തമിഴ്നാട് സ്വദേശി വിജിനിന്(31) സാരമായ പരിക്കേറ്റു.വിഴിഞ്ഞം അഗ്നിരക്ഷാസേനാ സ്ഥലത്തെത്തി ഡ്രൈവറെ ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മുതലപ്പൊഴിയിൽ കരിങ്കല്ല് ഇറക്കിയശേഷം തിരികെ തമിഴ്നാട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടമെന്ന് അഗ്നിരക്ഷാസേനാധികൃതർ പറഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് സൂചന. കൂറ്റൻ ക്രെയിനെത്തിച്ചായിരുന്നു മറിഞ്ഞ ലോറി നിവർത്തിയത്.

