പത്തനംതിട്ടയുടെ തനത് കലാരൂപമായ പടയണിയെ ലോകത്തിന് പരിചയപ്പെടുത്തുന്നതിനായി തയ്യാറാക്കിയ പടയണി കലണ്ടർ പ്രകാശനം ചെയ്തു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) ഒരുക്കിയ കലണ്ടർ ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഡി.ടി.പി.സി സെക്രട്ടറി കെ.ജി. അജേഷിന് കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ നടക്കുന്ന പ്രധാന പടയണി ഉത്സവങ്ങൾ, അവയുടെ തീയതികൾ, സ്ഥലങ്ങൾ തുടങ്ങിയ സമഗ്രമായ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നൂറ്റാണ്ടുകളുടെ കലാപാരമ്പര്യമുള്ള പടയണിയെ വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കും കൂടുതൽ സുപരിചിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചത്. പ്രാദേശിക കലാരൂപങ്ങളെ ടൂറിസം മേഖലയുമായി ബന്ധിപ്പിക്കുന്നതിലൂടെ പടയണിയുടെ സാംസ്‌കാരിക മൂല്യം സംരക്ഷിക്കാനും വരുംതലമുറകളിലേക്ക് ഈ കലാരൂപത്തെ കൈമാറാനും സാധിക്കുമെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തുന്നു.
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് പടയണി ഉത്സവങ്ങൾ എളുപ്പത്തിൽ കണ്ടെത്താൻ ഈ കലണ്ടർ സഹായിക്കും. ഡി.ടി.പി.സിയുടെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും പടയണി കലണ്ടർ ലഭ്യമാക്കിയിട്ടുണ്ട്. പടയണിയെ ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡി.ടി.പി.സി ഇത്തരമൊരു വിവരണാത്മക കലണ്ടർ പുറത്തിറക്കിയത്.

