വിപണിയിൽ പൈനാപ്പിളിന് ‘മധുരവില’; കർഷകർക്ക് ആശ്വാസം, വേനൽ വെല്ലുവിളി

വാഴക്കുളം: പൈനാപ്പിൾ വിപണിയിൽ വില കുതിച്ചുയരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാഴക്കുളം മാർക്കറ്റിൽ പൈനാപ്പിളിന് മികച്ച വിലയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പച്ച പൈനാപ്പിളിന് കിലോഗ്രാമിന് 37 മുതൽ 39 രൂപ വരെയും, പഴുത്തതിന് 42 മുതൽ 44 രൂപ വരെയുമാണ് ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ നിശ്ചയിച്ചിട്ടുള്ള വില. ദീർഘനാളത്തെ വിലയിടിവിന് ശേഷം ലഭിക്കുന്ന ഈ വർദ്ധനവ് കർഷകർക്ക് വലിയ ആശ്വാസമാണ് പകരുന്നത്.

വിപണിയിൽ പൈനാപ്പിളിന് പ്രിയം ഏറാൻ പ്രധാനമായും മൂന്ന് കാരണങ്ങളാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്:

വേനൽ കടുത്തതോടെ വിപണിയിൽ ഓറഞ്ച്, തണ്ണിമത്തൻ എന്നിവയുടെ വരവ് കുറഞ്ഞത് പൈനാപ്പിളിന് ആവശ്യക്കാരെ കൂട്ടി.ഉത്തരേന്ത്യയിൽ ഇപ്പോൾ വിവാഹ സീസണായതിനാൽ അവിടത്തെ വിപണികളിൽ പൈനാപ്പിളിന് വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്.വരാനിരിക്കുന്ന റമസാൻ മാസം കണക്കാക്കി പല കർഷകരും വിളവെടുപ്പ് വൈകിപ്പിക്കുന്നത് ചരക്കുദൗർലഭ്യത്തിന് കാരണമായിട്ടുണ്ട്.

വില വർദ്ധനവ് കർഷകർക്ക് സന്തോഷം നൽകുന്നുണ്ടെങ്കിലും കടുത്ത വേനൽ ഉല്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ചൂട് വർദ്ധിച്ചത് മൂലം ചക്കയുടെ തൂക്കം ഗണ്യമായി കുറയുന്നതായി കർഷകർ പറയുന്നു. എ ഗ്രേഡ് ചക്കകളുടെ ലഭ്യത കുറയുകയും ബി, സി ഗ്രേഡിലുള്ള ചെറിയ കൈതച്ചക്കകൾ കൂടുതലായി വിപണിയിൽ എത്തുകയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്.എങ്കിലും, ഡിമാൻഡ് നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിലും വില താഴാൻ സാധ്യതയില്ലെന്നാണ് വിപണി സൂചനകൾ

Leave a Reply

Your email address will not be published. Required fields are marked *