പൂഞ്ചിൽ നിയന്ത്രണരേഖ മറികടന്ന് പാക്ക് ഡ്രോൺ; വെടിയുതിർത്ത് ഇന്ത്യൻ സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യൻ ഭാഗത്തേക്ക് പ്രവേശിച്ച പാക്കിസ്ഥാൻ ഡ്രോണിനു നേരെ കരസേന വെടിയുതിർത്തു. ഞായറാഴ്ച പുലർച്ചെ ആറ് മണിയോടെയാണ് സംഭവം. പൂഞ്ചിലെ ഡിഗ്‌വാർ സെക്ടറിലാണ് പാക്കിസ്ഥാനിൽ നിന്നുള്ള ഡ്രോൺ എത്തിയത്.

അതിർത്തിയിലെ ഫോർവേഡ് പോസ്റ്റിൽ കാവൽ നിന്നിരുന്ന സൈനികർ ഡ്രോണിന്റെ സാന്നിധ്യം തിരിച്ചറിയുകയും ഉടൻ തന്നെ പത്തിലധികം റൗണ്ട് വെടിയുതിർക്കുകയുമായിരുന്നു. സൈന്യം വെടിവെച്ചതോടെ ഡ്രോൺ ഉടൻ തന്നെ പാക് അധീന കശ്മീരിലേക്ക് മടങ്ങിപ്പോയി.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇതേ മേഖലയിൽ നടക്കുന്ന രണ്ടാമത്തെ ഡ്രോൺ നുഴഞ്ഞുകയറ്റ ശ്രമമാണിത്. ഫെബ്രുവരി 27-നും പൂഞ്ചിൽ സമാനമായ രീതിയിൽ പാക്ക് ഡ്രോണിന് നേരെ സൈന്യം വെടിയുതിർത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *