ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പരമോന്നത സൈനിക മേധാവിയുടെ സുരക്ഷയ്ക്കായി പുതിയ നിയമം പാസാക്കി പാര്‍ലമെന്റ്. ഇതനുസരിച്ച് സൈനിക മേധാവിയുടെ അധികാരങ്ങള്‍ വിപുലീകരിക്കുന്നതിനൊപ്പം സുപ്രീം കോടതിയുടെ അധികാരങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു. ഈ നിയമനിര്‍മാണത്തിനായി ഭരണഘടന തന്നെ ഭേദഗതി ചെയ്തിരിക്കുകയാണ് പാക്ക് പാര്‍ലമെന്റ്.
ഈ ഭരണ ഘടനാ ഭേദഗതിയിലൂടെ കരസേനാ മേധാവി അസിം മുനീറിനെ ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്‌സ് എന്ന പുതിയ പദവിയിലേക്ക് ഉയര്‍ത്തും. ഇതോടെ അസിം മൂനീര്‍ നാവികസേനയുടെയും വ്യോമസേനയുടെയും കൂടി കമാന്‍ഡ് ഔദ്യോഗികമായി ഏറ്റെടുക്കും. കാലാവധി പൂര്‍ത്തിയാക്കിയാലും മുനീറിന് തന്റെ പദവി നിലനിര്‍ത്താനും സാധിക്കും. അതിനാല്‍ മരണം വരെയും നിയമപരിരക്ഷയും ഉറപ്പാക്കാനാവും. ക്രിമിനല്‍ വിചാരണയില്‍ നിന്ന് ഒഴിവാക്കുന്നത് നിയമപരിരക്ഷയുടെ ഭാഗമാണ്.
പാര്‍ലമെന്റ് പാസാക്കിയതോടെ ഇതിന് പ്രസിഡന്റിന്റെ അംഗീകാരം കൂടി ആവശ്യമാണ്. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഒപ്പു വയ്ക്കുന്നതോടെ ഇതു നിയമമായി മാറും. പ്രസിഡന്റിന്റെ ഒപ്പിടല്‍ വെറും സാങ്കേതികമായ കാര്യം മാത്രമാണ്.

