ഇന്ത്യക്കെതിരായ മത്സരം ബഹിഷികരിക്കും; പ്രഖ്യാപനം നടത്തി പാക് സര്‍ക്കാര്‍

ഇസ്ലാമാബാദ്: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ നിന്ന് പിന്‍മാറി പാകിസ്ഥാന്‍. ഫെബ്രുവരി 15ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് സൂപ്പര്‍ പോരാട്ടം നടക്കേണ്ടിയിരുന്നത്. പാകിസ്ഥാന്‍ സര്‍ക്കാര്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അതേസമയം, ലോകകപ്പിലെ മറ്റ് മത്സരങ്ങളില്‍ കളിക്കുമെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ശ്രീലങ്കയിലാണ് പാകിസ്ഥാന്റെ എല്ലാ മത്സരങ്ങളും നിശ്ചയിച്ചിരിക്കുന്നത്.

ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ആഭ്യന്തര മന്ത്രിയും പിസിബി ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്വിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറാന്‍ കാരണക്കാര്‍ ഇന്ത്യയാണെന്നതാണ് പാക് പ്രതിഷേധത്തിന് വഴിവച്ചത്.

തങ്ങളുടെ മത്സരങ്ങള്‍ സഹ ആതിഥേയരായ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളിയിരുന്നു. തുടര്‍ന്ന് ബംഗ്ലാദേശ് പിന്‍മാറുകയും പകരമായി സ്‌കോട്ലാന്‍ഡിനെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പാകിസ്ഥാനും ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന ഐസിസിയുടെ താക്കീതിന് മുന്നില്‍ പാകിസ്ഥാന്‍ മുട്ടുമടക്കുകയായിരുന്നു. എന്നാല്‍ ബംഗ്ലാദേശിനുള്ള പിന്തുണയുടെ ഭാഗമായി ഇന്ത്യക്കെതിരായ തങ്ങളുടെ മത്സരം ബഹിഷ്‌കരിക്കാന്‍ ആണ് പാകിസ്ഥാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യ, പാകിസ്ഥാന്‍, യുഎസ്എ, നെതര്‍ലാന്‍ഡ്സ് എന്നിവരാണ് ഒരേ ഗ്രൂപ്പില്‍ മത്സരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ മറ്റ് രണ്ട് എതിരാളികളേയും തോല്‍പ്പിക്കാനായാല്‍ അടുത്ത റൗണ്ട് ഉറപ്പാണെന്നിരിക്കെയാണ് ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *