ഇസ്ലാമാബാദ്: ഇന്ത്യ പാക്കിസ്ഥാനെതിരായി ഒരു ആക്രമണത്തിനു മുതിരുന്ന സാഹചര്യമുണ്ടായാല്‍ നേരിടേണ്ടി വരുന്നത് സൗദി അറേബ്യയെ കൂടിയായിരിക്കുമെന്ന് പാക്കിസ്ഥാന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇരു രാജ്യങ്ങളും തമ്മില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ഷെഹാബാസ് ഷരീഫിന്റെ സൗദി സന്ദര്‍ശന വേളയില്‍ ഒപ്പിട്ട സംയുക്ത സൈനിക പ്രതിരോധ കരാറിന്റെ പ്രാധാന്യം സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു രാജ്യത്തിനെതിരായ ആക്രമണത്തെ ഇരു രാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കി ഒന്നിച്ചു നേരിടും എന്നതാണ് ഈ കരാറിലെ ഒരു പ്രധാനപ്പെട്ട കാര്യം. ഇതനുസരിച്ച് സൗദിക്കു നേരേ ഇസ്രയേലോ പാക്കിസ്ഥാനു നേരേ ഇന്ത്യയോ ആക്രമണത്തിനു തുനിഞ്ഞാല്‍ ഇരു രാജ്യങ്ങളും ഒന്നിച്ചായിരിക്കും നേരിടുക. ഏറെ നാളുകളായി ഇത്തരത്തില്‍ സൈനിക സഹകരണം വളര്‍ത്തിയെടുക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയായിരുന്നെങ്കിലും ഖത്തറിനു നേരേ ഇസ്രയേലിന്റെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും അതിവേഗം കരാര്‍ ഒപ്പിടുന്നതിലേക്കു തിരിയുന്നത്. പാക്കിസ്ഥാന്റെ ആണവ ശേഷി സൗദിക്കു കൂടി ഉപയോഗത്തിനു ലഭിക്കും എന്നതാണ് ഇതിലൂടെ സൗദി അറേബ്യയ്ക്കു ലഭിക്കുന്ന മെച്ചം. ഇസ്രയേലിനെ ഫലപ്രദമായി ചെറുക്കുന്നതിനു സൈനിക ശക്തി കൂടിയേ തീരൂ എന്നവര്‍ കണക്കു കൂട്ടുന്നു. പാക്കിസ്ഥാനാകട്ടെ ഇന്ത്യയുമായുള്ള ആഭ്യന്തര പ്രശ്നങ്ങളാണ് ഇത്തരം നീക്കം ആവശ്യമാക്കുന്നത്. എന്നാല്‍ പാക്കിസ്ഥാന്റെ ആണവ ശക്തി പ്രതിരോധാവശ്യത്തിന് ഇന്ത്യയ്ക്കെതിരായി മാത്രം ഉപയോഗിക്കാനുള്ളതായിരിക്കും എന്ന പ്രഖ്യാപിത നയമാണ് ഇതിലൂടെ തിരുത്തപ്പെടുന്നത്.
സൗദിയുടെ വാണിജ്യ താല്പര്യങ്ങളെ ഈ കരാര്‍ എങ്ങനെയായിരിക്കും ബാധിക്കുക എന്ന കാര്യത്തില്‍ ഇനിയും തീരുമാനമാകാനിരിക്കുന്നതേയുള്ളൂ. സൗദിയുടെ രണ്ടാമത്തെ വലിയ വാണിജ്യ പങ്കാളി ഇന്ത്യയാണെങ്കില്‍ പാക്കിസ്ഥാന് നാലാമത്തെ വാണിജ്യ പങ്കാളി മാത്രമാണാകുന്നത്.
പാക്കിസ്ഥാനെതിരേ ഇന്ത്യയുടെ ആക്രമണമുണ്ടായാല്‍ നേരിടേണ്ടി വരിക് സൗദിയെ കൂടിയായിരിക്കുമെന്ന് പാക് പ്രതിരോധ മന്ത്രി

