ഇസ്‌ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ ഉടൻ ഫലം കണ്ടില്ലെങ്കിലും ചർച്ചാ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ദാർ അറിയിച്ചു. പാക് തലസ്ഥാനമായ ഇസ്‌ലാമാബാദിൽ നടന്ന ചർച്ചകളിൽ പങ്കെടുത്തതിന് ഇരു രാജ്യങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.പശ്ചിമേഷ്യയിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഇത്തരം ചർച്ചകൾ അനിവാര്യമാണെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി. ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞത് പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം വലിയൊരു ബഹുമതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയിൽ ഇരുപക്ഷവും വെടിനിർത്തൽ കരാറുകൾ കൃത്യമായി പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.സമാധാനശ്രമങ്ങളിൽ പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീർ നിർണ്ണായക പങ്ക് വഹിച്ചതായും ചർച്ചയുടെ വിവിധ ഘട്ടങ്ങൾ സുഗമമാക്കുന്നതിൽ അദ്ദേഹം ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയതായും മന്ത്രി അവകാശപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ഉടൻ പരിഹാരമുണ്ടായില്ലെങ്കിലും സമാധാനത്തിനായുള്ള പാക്കിസ്ഥാന്റെ മധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്നാണ് വിദേശകാര്യ മന്ത്രാലയം നൽകുന്ന സൂചന.
യുഎസ്-ഇറാൻ സമാധാന ചർച്ചകൾ തുടരുമെന്ന് പാക്കിസ്ഥാൻ

