ഇസ്ലാമാബാദ്: ടി20 ലോകകപ്പിൽ നിന്ന് പിൻമാറുമെന്ന ഭീഷണിക്കിടെ പാക്കിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. ടൂർണമെന്റിൽ നിന്ന് പാക്കിസ്ഥാൻ പിൻമാറുകയാണെങ്കിൽ മറ്റൊരു ടീമിനെ കണ്ടെത്താൻ ഐസിസി നീക്കങ്ങൾ ആരംഭിച്ചതോടെയാണ് പാക് ക്രിക്കറ്റ് ബോർഡ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിൽ ഏഷ്യാ കപ്പിൽ പങ്കെടുത്ത സ്ക്വാഡിൽ നിന്ന് കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് ലോകകിരീടത്തിനായി പാക് പട ഇറങ്ങുന്നത്. സൽമാൻ അലി ആഗ ക്യാപ്റ്റനായി തുടരുന്നുണ്ടെങ്കിലും ഫാസ്റ്റ് ബൗളർമാരായ ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂണിയർ എന്നിവരെ ഒഴിവാക്കി.
ടൂർണമെന്റ് ആരംഭിക്കുന്നതിന് ഒരു മാസം മുമ്പെങ്കിലും ടീമിനെ പ്രഖ്യാപിക്കണമെന്ന ഐസിസി ചട്ടം ലംഘിച്ചാണ് പാക്കിസ്ഥാൻ തങ്ങളുടെ സ്ക്വാഡിനെ പ്രഖ്യാപിച്ചത്. ശ്രീലങ്കയിലാണ് പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും ക്രമീകരിച്ചിരിക്കുന്നത്.
നെതർലൻഡ്സ്, യുഎസ്എ, നമീബിയ, ഇന്ത്യ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് പാക്കിസ്ഥാൻ. ഫെബ്രുവരി ഏഴിന് കൊളംബോയിൽ നെതർലൻഡ്സിനെതിരെയാണ് അവരുടെ ആദ്യ മത്സരം.

