ശബരിമലയില്‍ പന്തളം രാജപ്രതിനിധിയെ സ്വീകരിച്ചു;മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായാണ് രാജപ്രതിനിധി സന്നിധാനത്തെത്തിയത്

പന്തളം കൊട്ടാരം രാജപ്രതിനിധി പുണര്‍തംനാള്‍ നാരായണവര്‍മയേയും സംഘത്തെയും സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് പ്രതിനിധികളുടെ നേൃത്വത്തില്‍ ഉപചാരപൂര്‍വം സ്വീകരിച്ചു. ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായാണ് പന്തളം രാജപ്രതിനിധി സന്നിധാനത്തെത്തിയത്. തലപ്പാറമല, ഉടുമ്പാറ മല എന്നിവയുടെ കൊടിയും വാദ്യോപകരണങ്ങളുമായി അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായി കരുതപ്പെടുന്ന ആലങ്ങാട് പേട്ട തുള്ളല്‍ സംഘവും തിരുവാഭരണ പേടക വാഹക സംഘവും സ്വീകരിക്കാനെത്തി. രാജപ്രതിനിധിയെ പതിനെട്ടാം പടിക്ക് കീഴില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി മാലയിട്ട് ആനയിച്ചു.

തുടര്‍ന്ന് പതിനെട്ട് പടി കയറി ഭഗവാനെ തൊഴുതു. മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ജനുവരി 18 ന് കളഭാഭിഷേകവും ജനുവരി 19 ന് ഗുരുതിയും രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തില്‍ നടക്കും. ജനുവരി 20 ന് രാജപ്രതിനിധിയുടെ ദര്‍ശനത്തിന് ശേഷം രാവിലെ 6.30 ന് ശബരിമല നട അടയ്ക്കും. നടയടച്ച് താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്ക് മേല്‍ശാന്തി കൈമാറും. പതിനെട്ടാം പടിയിറങ്ങി ദേവസ്വം ബോര്‍ഡ് പ്രതിനിധികളുടെയും മേല്‍ശാന്തിയുടെയും സാന്നിദ്ധ്യത്തില്‍ താക്കോല്‍ക്കൂട്ടം ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് രാജപ്രതിനിധി കൈമാറുകയും മാസപൂജചെലവിനായി പണക്കിഴിയും നല്‍കി പന്തളം കൊട്ടാരത്തിലേക്ക് യാത്രയാകും

Leave a Reply

Your email address will not be published. Required fields are marked *