സിഡ്‌നി: മാതൃവിയോഗത്തിന്റെ വേദനയിൽ കഴിയുന്ന ഒരു ഓസ്‌ട്രേലിയൻ കുടുംബത്തിന് ഇരുട്ടടിയായി അമ്മയുടെ ചിതാഭസ്മം അടങ്ങിയ പാഴ്സൽ വീട്ടുപടിക്കൽ നിന്ന് മോഷ്ടിക്കപ്പെട്ടു. സിഡ്‌നിയിലെ റോസ്‌ലാൻഡ്‌സിലുള്ള ശ്മശാനത്തിൽ നിന്നും അയച്ച ചിതാഭസ്മമാണ് പട്ടാപ്പകൽ അജ്ഞാതർ കവർന്നത്.
ഫെബ്രുവരി ആറിന് അന്തരിച്ച ലോർണ എന്ന വയോധികയുടെ ചിതാഭസ്മമാണ് നഷ്ടപ്പെട്ടത്. ഗോൾഡ് കോസ്റ്റിൽ കഴിയുന്ന മകൾ ഡെബ്ബി ക്രിസ്റ്റെൻസണ് യാത്രാസൗകര്യങ്ങൾ ലഭിക്കാത്തതിനാൽ അമ്മയുടെ അവസാന നിമിഷങ്ങളിൽ അരികിലെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഫെബ്രുവരി 18-ന് നടന്ന സംസ്‌കാര ചടങ്ങുകൾക്ക് ശേഷം സിഡ്‌നി മെമ്മോറിയൽ ക്രിമേഷൻസ് അധികൃതർ ചിതാഭസ്മം കൊറിയർ വഴി അയക്കുകയായിരുന്നു.
അംഗപരിമിതനായ സഹോദരന്റെ സിഡ്‌നിയിലെ വീട്ടുപടിക്കലാണ് പാഴ്സൽ എത്തിയത്. നേരിട്ട് കൈമാറണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നെങ്കിലും, കൊറിയർ സർവീസ് പാഴ്സൽ വീടിന് പുറത്ത് ഉപേക്ഷിച്ചു പോവുകയായിരുന്നു. ഫെബ്രുവരി 20-ന് രാവിലെ 10:40-ന് പാഴ്സൽ എത്തിയെന്ന സന്ദേശം ലഭിച്ച് മിനിറ്റുകൾക്കകം സഹോദരൻ പുറത്തിറങ്ങി നോക്കിയപ്പോഴേക്കും അത് മോഷ്ടിക്കപ്പെട്ടിരുന്നു.
അമ്മയ്ക്ക് പകരമായി മറ്റൊന്നുമില്ലെന്നും തങ്ങൾക്കിനി അത് തിരികെ ലഭിക്കുമെന്ന് തോന്നുന്നില്ലെന്നും ഡെബ്ബി ക്രിസ്റ്റെൻസൺ വിതുമ്പലോടെ പറഞ്ഞു. പാഴ്സൽ സുരക്ഷിതമായി കൈമാറുന്നതിൽ വീഴ്ച വരുത്തിയ കൊറിയർ കമ്പനിക്കും ശ്മശാന അധികൃതർക്കുമെതിരെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, തങ്ങൾ അത്തരമൊരു വാഗ്ദാനം നൽകിയിട്ടില്ലെന്നും കൊറിയർ സർവീസുകൾ വഴി അയക്കുമ്പോൾ നേരിട്ടുള്ള കൈമാറ്റം ഉറപ്പുനൽകാനാവില്ലെന്നുമാണ് ശ്മശാന അധികൃതരുടെ വിശദീകരണം.
പ്രദേശത്ത് പാഴ്സൽ മോഷണം പതിവാണെന്ന് അയൽവാസികൾ സാക്ഷ്യപ്പെടുത്തുന്നു. സംഭവത്തിൽ എൻ.എസ്.ഡബ്ല്യു (NSW) പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

