സിഡ്നിയിലെ പ്രമുഖ ബീച്ചുകളിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്താൻ നീക്കം; പുറത്തുനിന്നുള്ള സന്ദർശകർക്ക് തിരിച്ചടിയാകും

സിഡ്നി: ലോകപ്രശസ്തമായ സിഡ്നി ബീച്ചുകളിലെത്തുന്ന സന്ദർശകർക്ക് വരുംദിവസങ്ങളിൽ പാർക്കിംഗ് ഫീസ് നൽകേണ്ടി വന്നേക്കും. റാൻഡ്‌വിക് സിറ്റി കൗൺസിലിന് കീഴിലുള്ള പ്രമുഖ ബീച്ചുകളിൽ പാർക്കിംഗ് ചാർജ് ഏർപ്പെടുത്താനുള്ള പുതിയ പദ്ധതിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രദേശവാസികൾ ഒഴികെയുള്ള സന്ദർശകർക്കായിരിക്കും ഈ പുതിയ നിയമം ബാധകമാവുക.

ക്ലോവെല്ലി, കൂജി , മരൂബ്ര , മലബാർ , ലിറ്റിൽ ബേ, ലാ പെറൂസ് , യാറ ബേ എന്നീ ബീച്ചുകളിലെ പാർക്കിംഗ് ഏരിയകളാണ് കൗൺസിൽ ലക്ഷ്യമിടുന്നത്. നിലവിൽ ഈ പദ്ധതിയെക്കുറിച്ച് കൗൺസിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ്.

പ്രതിവർഷം ഒൻപത് ദശലക്ഷത്തോളം ആളുകളാണ് ഈ ബീച്ചുകൾ സന്ദർശിക്കുന്നത്. ഇതിൽ ഭൂരിഭാഗം പേരും കൗൺസിൽ പരിധിക്ക് പുറത്തുനിന്നുള്ളവരാണ്. ബീച്ചുകളുടെയും പരിസര പ്രദേശങ്ങളുടെയും പരിപാലനത്തിനായി ഓരോ വർഷവും ഏകദേശം 23.5 ദശലക്ഷം ഡോളറാണ് റാൻഡ്‌വിക് കൗൺസിൽ ചെലവിടുന്നത്. എന്നാൽ ഈ വൻ തുക കണ്ടെത്തുന്നത് പ്രദേശവാസികളുടെ നികുതിപ്പണത്തിൽ നിന്നാണെന്നും പുറത്തുനിന്നുള്ള സന്ദർശകർ ഈ സാമ്പത്തിക ബാധ്യതയിൽ പങ്കാളികളാകുന്നില്ലെന്നുമാണ് കൗൺസിലിന്റെ വാദം.

ബീച്ചുകളുടെ നവീകരണത്തിനും ശുചിത്വ പരിപാലനത്തിനും ആവശ്യമായ തുക സമാഹരിക്കാൻ പാർക്കിംഗ് ഫീസ് സഹായിക്കുമെന്ന് കൗൺസിൽ അധികൃതർ വ്യക്തമാക്കുന്നു. സന്ദർശകരിൽ നിന്നും ഈടാക്കുന്ന തുക ബീച്ച് മേഖലകളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ഉപയോഗിക്കാനാണ് പദ്ധതി. അതേസമയം, സാധാരണക്കാരായ സന്ദർശകർക്ക് ഇത് വലിയ സാമ്പത്തിക ഭാരമുണ്ടാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. പൊതുജന അഭിപ്രായം ശേഖരിച്ച ശേഷം മാത്രമേ പദ്ധതി നടപ്പിലാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *