പത്തനാപുരം പാലം പുനർനിർമ്മാണം അവസാനഘട്ടത്തിൽ; ഫെബ്രുവരി ഏഴോടെ ടാറിംഗ് പൂർത്തിയാകും

തരൂർ/പാലക്കാട്: വടക്കനാട് – പത്തനാപുരം റോഡിനെ ബന്ധിപ്പിക്കുന്ന പത്തനാപുരം പാലത്തിന്റെ പുനർനിർമ്മാണ പ്രവൃത്തികൾ അതിവേഗം പൂർത്തിയാകുന്നു. പാലത്തിന്റെ പ്രധാന നിർമ്മാണങ്ങളെല്ലാം പൂർത്തിയായതായും അപ്രോച്ച് റോഡ് ഫില്ലിംഗ് പ്രവൃത്തികൾ ഇപ്പോൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ഫെബ്രുവരി ഏഴാം തീയതിയോടെ ടാറിംഗ് കൂടി പൂർത്തിയാക്കി പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.

8.82 കോടി രൂപയുടെ ഭരണാനുമതിയോടെയാണ് ശാസ്ത്രീയമായ രീതിയിൽ പാലത്തിന്റെ നിർമ്മാണം നടക്കുന്നത്. പ്രീ-സ്ട്രെസ്സിംഗ് (Pre-stressing) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഗർഡറുകളാണ് പാലത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 78 മീറ്റർ നീളമുള്ള പാലത്തിന് 26 മീറ്റർ വീതമുള്ള മൂന്ന് സ്പാനുകളും, രണ്ട് പിയറുകളും, രണ്ട് അബട്ട്‌മെന്റുകളും അടങ്ങുന്നതാണ് ഘടന.

യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് പുതിയ രൂപകൽപ്പനയിൽ നൽകിയിരിക്കുന്നത്.7.50 മീറ്റർ വീതിയുള്ള കാരിയേജ് വേയും ഒന്നര മീറ്റർ വീതിയുള്ള നടപ്പാതയും.പാലത്തിന്റെ ഇരുവശങ്ങളിലുമായി 152 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും നിർമ്മിക്കുന്നു. അപകടങ്ങൾ ഒഴിവാക്കാൻ ക്രാഷ് ബാരിയറുകൾ, സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ, ലൈറ്റിംഗ്, റോഡ് മാർക്കിംഗ്, സ്റ്റഡുകൾ എന്നിവ നിർമ്മാണത്തിന്റെ ഭാഗമായി സ്ഥാപിക്കും.

തരൂർ നിയോജക മണ്ഡലത്തിലെ പ്രധാന യാത്രാപ്രശ്നത്തിന് ഇതോടെ പരിഹാരമാകും. ടാറിംഗ് പൂർത്തിയാകുന്ന മുറയ്ക്ക് ഉടൻ തന്നെ ഉദ്ഘാടനം നടത്തി പാലം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഉദ്യോഗസ്ഥർ.

Leave a Reply

Your email address will not be published. Required fields are marked *