ഭക്തര്‍ക്ക് സായൂജ്യമേകി പൊന്നുപതിനെട്ടാം പടിയില്‍ പടിപൂജ

ശബരിമല മകരവിളക്ക് തീര്‍ത്ഥാടനകാലത്തെ പടിപൂജയ്ക്ക് ജനുവരി 16 ദീപാരാധനയ്ക്ക് ശേഷം തുടക്കം. വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ടേന്തി അയ്യപ്പദര്‍ശനത്തിനെത്തുന്ന ഭക്തര്‍ കയറുന്ന പവിത്രമായ പതിനെട്ട് പടികളിലും പൂക്കളും പട്ടുവസ്ത്രങ്ങളും ദീപങ്ങളും അര്‍പ്പിച്ചായിരുന്നു പടിപൂജ. പൂക്കളാല്‍ അലംകൃതമായി ദീപപ്രഭയില്‍ ജ്വലിച്ച് നിന്ന പതിനെട്ടുപടികളുടെ അപൂര്‍വ കാഴ്ച സന്നിധാനത്ത് ഭക്തര്‍ക്ക് വേറിട്ട അനുഭവമായി. ദീപാരാധനയ്ക്ക് ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെയും മേല്‍ശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരിയുടെയും കാര്‍മികത്വത്തിലുമായിരുന്നു ഒരു മണിക്കൂറോളം നീണ്ട പടിപൂജ.


പൂജയുടെ ഭാഗമായി പതിനെട്ടാംപടി കഴുകി വൃത്തിയാക്കി മധ്യഭാഗത്തായി പട്ടുവിരിച്ചു. പട്ടിന്റെ ഇരുവശത്തും വലിയ ഹാരങ്ങള്‍ കൊണ്ട് അലങ്കരിച്ചു. പതിനെട്ടു പടികളില്‍ ഇരുവശത്തും നിലവിളക്ക് തെളിച്ചു. പടികളില്‍ പൂജാദ്രവ്യങ്ങളും വച്ചു. പിന്നീട് ഓരോ പടികളിലും കുടികൊള്ളുന്ന മലദൈവങ്ങള്‍ക്ക് പൂജ നടത്തി. ഓരോ പടിയിലും ദേവചൈതന്യം ആവാഹിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ശബരിമല അടക്കമുള്ള പതിനെട്ട് മലകളെയാണ് പടികള്‍ പ്രതിനിധാനം ചെയ്യുന്നതെന്നാണ് സങ്കല്‍പം

Leave a Reply

Your email address will not be published. Required fields are marked *