അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ചന്ദ്രാന്വേഷണ പദ്ധതിയായ ആർട്ടമിസ് II ദൗത്യത്തിൽ ഇന്ത്യൻ വംശജനായ ഉദ്യോഗസ്ഥന്റെ സാന്നിധ്യം ശ്രദ്ധേയമായി. ദൗത്യത്തിന്റെ രൂപകൽപ്പനയിലും ഏകോപനത്തിലും ഇന്ത്യൻ-അമേരിക്കൻ ശാസ്ത്രജ്ഞനായ അമിത് ക്ഷത്രയ നിർണായക പങ്ക് വഹിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നാസയിൽ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി പ്രവർത്തിക്കുന്ന അദ്ദേഹം ദൗത്യവുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളുടെയും കേന്ദ്രങ്ങളുടെയും പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. മനുഷ്യരെ വീണ്ടും ചന്ദ്രന്റെ പരിസരത്തേക്ക് എത്തിക്കുന്നതിൽ നിർണായക ഘട്ടമായാണ് ആർട്ടെമിസ് II ദൗത്യം കണക്കാക്കപ്പെടുന്നത്.നാല് ബഹിരാകാശ യാത്രികർ പങ്കെടുത്ത ഈ ദൗത്യം ചന്ദ്രനെ ചുറ്റി സഞ്ചരിച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഭാവിയിൽ മനുഷ്യരെ വീണ്ടും ചന്ദ്രനിൽ ഇറക്കാനുള്ള നാസയുടെ ദീർഘകാല ലക്ഷ്യത്തിലേക്കുള്ള പ്രധാന മുന്നേറ്റമായി ഈ ദൗത്യം വിലയിരുത്തപ്പെടുന്നു.ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞന്റെ സാന്നിധ്യം ആഗോള ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യൻ സമൂഹത്തിന്റെ വളർച്ചയും സ്വാധീനവും വ്യക്തമാക്കുന്നതായി വിദഗ്ധർ അഭിപ്രായപ്പെട്ടു.
ആർട്ടെമിസ് ദൗത്യത്തിൽ ഇന്ത്യൻ വംശജനും നിർണായക പങ്ക്

