ഇടമലക്കുടി: കേരളത്തിലെ ആദ്യ ഗിരിവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ നിവാസികൾക്ക് ജനന, മരണ, വിവാഹ രജിസ്‌ട്രേഷൻ രേഖകൾ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പും ഇടമലക്കുടി ഗ്രാമപഞ്ചായത്തും സംയുക്തമായി ‘പെരുമൈ’ എന്ന പേരിൽ പ്രത്യേക സിവിൽ രജിസ്‌ട്രേഷൻ ഡ്രൈവ് സംഘടിപ്പിച്ചു. ഇടമലക്കുടി ഗവൺമെന്റ് ട്രൈബൽ എൽ.പി സ്‌കൂളിൽ നടന്ന ഡ്രൈവ് പഞ്ചായത്ത് പ്രസിഡന്റ് ബിനു എം. ഉദ്ഘാടനം ചെയ്തു.
ആദിവാസി മുതുവാൻ വിഭാഗം ഭൂരിപക്ഷമുള്ള ഇടമലക്കുടിയിൽ രേഖകളുടെ പ്രാധാന്യത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തത് പലപ്പോഴും സർക്കാർ ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തുന്നതിന് തടസ്സമാകാറുണ്ട്. ഈ സാഹചര്യം പരിഹരിക്കാനാണ് ഡ്രൈവ് സംഘടിപ്പിച്ചത്. ഡ്രൈവിന്റെ പ്രാഥമിക ഘട്ടത്തിൽ തന്നെ നൂറ്റിയിരുപതിലധികം ആളുകൾ രജിസ്‌ട്രേഷൻ നടപടികൾക്കായി പങ്കെടുത്തു. ചടങ്ങിൽ ദേവികുളം ആർ.ഡി.ഒ ആര്യ വി.എം. മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുസാധ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷഫീഖ് പി. സ്വാഗതം ആശംസിച്ചു.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗോവിന്ദ് രാജ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ പരിമളാദേവി, വില്ലേജ് ഓഫീസർ ശ്യാംജി നാഥ് തുടങ്ങി വിവിധ ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. സിവിൽ രജിസ്‌ട്രേഷൻ ചട്ടങ്ങളെക്കുറിച്ചും അപേക്ഷാ ഫോമുകൾ പൂരിപ്പിക്കേണ്ട രീതിയെക്കുറിച്ചും ഇന്റേണൽ വിജിലൻസ് ഓഫീസർമാരായ ജോസഫ് ഫ്രാൻസിസ്, സി. രാജേന്ദ്രൻ, അബ്ദുൾ സമദ് വി.എം. എന്നിവർ ക്ലാസുകൾ നയിച്ചു. ഈ ഡ്രൈവിലൂടെ കൂടുതൽ ജനങ്ങളെ ഔദ്യോഗിക രേഖകളുടെ പരിധിയിൽ കൊണ്ടുവരാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ

