കേരളത്തിന്റെ ‘ഇലക്ട്രോണിക് സിറ്റി’യായി പെരുമ്പാവൂർ മാറുമെന്ന് വ്യവസായ കേരള സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. പെരുമ്പാവൂർ വല്ലത്തെ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ പ്രവർത്തനമാരംഭിച്ച കെയ്ൻസ് ടെക്നോളജിസിന്റെ ആദ്യ ഉൽപാദന യൂണിറ്റിന്റെ ഉദ്ഘാടനവും അടുത്ത ഘട്ടത്തിന്റെ ശിലാസ്ഥാപനവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വപരമായ ഇടപെടൽ വഴിയാണ് റയോൺസിന്റെ 30 ഏക്കർ ഭൂമി കിൻഫ്രയ്ക്ക് ലഭ്യമായത്. അവിടെയാണ് ഇപ്പോൾ ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക്‌സ് സിസ്റ്റം ആൻഡ് ഡിസൈൻ മാനുഫാക്ചറിംഗ് കമ്പനിയായ കെയ്ൻസ് ടെക്നോളജി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
350 കോടിയുടെ നിക്ഷേപമാണ് കമ്പനി നടത്തുന്നത്. ഒരു സംരംഭത്തിന്റെ ശിലാസ്ഥാപനത്തോട് അനുബന്ധിച്ച് തന്നെ ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ കഴിയുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. റയോൺസിൽ നിലവിലുണ്ടായിരുന്ന ഒരു കെട്ടിടസമുച്ചയം നവീകരിച്ചാണ് ആദ്യ പ്രൊഡക്ഷൻ യൂണിറ്റ് ഒരുക്കിയത്. ഇവിടെ നിന്ന് 100 കമ്പ്യൂട്ടറുകളാണ് ആണ് പുറത്തിറക്കിയത്. ചടങ്ങിൽ എ.ഐ ക്യാമറ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കെല്‍ട്രോണും കെയ്ൻസ് ടെക്നോളജീസും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു.

