തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞ ചടങ്ങും അവസാനിച്ചിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞും ഓഫീസില്‍ കയറാതെ പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എന്‍. സംഗീത.രാഹുകാലം കഴിഞ്ഞിട്ടേ ഓഫീസില്‍ കയറു എന്നായിരുന്നു ചെയര്‍പേഴ്‌സന്റെ നിലപാട്. ഇതോടെ ആശംസകള്‍ അറിയിക്കാനെത്തിയ പാര്‍ട്ടി നേതാക്കളും കൗണ്‍സിലര്‍മാരും വലഞ്ഞു.വ്യക്തിപരമായ വിശ്വാസങ്ങളുടെ സ്വാതന്ത്യത്തില്‍ വിശ്വസിക്കുന്ന ആളാണ് താന്‍, രാഹുകാലത്തില്‍ വിശ്വസിക്കുന്ന… സൂര്യന്റെ പോസിറ്റീവ് എനര്‍ജ്ജി മുനിസിപാലിറ്റിക്കും ഇവിടുത്തെ എല്ലാ ജനങ്ങള്‍ക്കും കിട്ടുന്നതിന് വേണ്ടിയാണ് രാഹുകാലം കഴിയാന്‍ കാത്തിരുന്നതെന്ന് ചെയര്‍പേഴ്‌സന്‍ പറഞ്ഞു. രാവിലെ പത്തു മുപ്പതു മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ആയിരുന്നു രാഹുകാലം. അതിന് ശേഷം 12 .5 നാണ് ചെയര്‍ പേഴ്‌സണ്‍ ഓഫീസില്‍ പ്രവേശിച്ചത്.
യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച പെരുമ്പാവൂര്‍ നഗരസഭയില്‍ അധ്യക്ഷസ്ഥാനത്തേക്ക് അപ്രതീക്ഷിതമായി എത്തുകയാണ് കെ.എന്‍. സംഗീത. ചര്‍ച്ചകളില്‍ പരിഗണിച്ചിരുന്ന നാലുപേരില്‍ നാലാമത്തെ ആളായിരുന്നു ആദ്യമായി മത്സരരംഗത്തെത്തിയ സംഗീത. 10-ാം വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ബിജെപി മണ്ഡലം പ്രസിഡന്റ് ലിഷാരാജേഷിനെ പരാജയപ്പെടുത്തിയാണ് സംഗീത കൗണ്‍സിലിലെത്തിയത്.

