ആലപ്പുഴയുടെ പെരുമയായി ഇനി പെരുമ്പളം പാലം

ആലപ്പുഴ: കേരളത്തിലെ കായലിന് കുറുകെയുള്ള ഏറ്റവും നീളമേറിയ പാലങ്ങളിലൊന്നായ പെരുമ്പളം പാലം നാടിന് സമർപ്പിക്കാൻ തയ്യാറെടുക്കുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഏഴു ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പാലം തുറക്കുന്നതിനൊപ്പം ബസ് സർവീസും ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉറപ്പുനൽകിയതായി ദലീമ ജോജോ എം.എൽ.എ അറിയിച്ചു.

ഏഴു ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികളോടെ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കാനാണ് തീരുമാനം. ഉദ്ഘാടന തീയതി പിന്നീട് അറിയിക്കുന്നതാണ്. കേരളത്തിലെ കായലിന് കുറുകെ നിർമ്മിക്കുന്ന ഏറ്റവും നീളമേറിയ പാലം എന്ന സവിശേഷതയോടെയാണ് പെരുമ്പളം പാലം ഒരുങ്ങുന്നത്. ചേർത്തല-അരൂക്കുറ്റി റോഡിനെയും വൈക്കം-പൂത്തോട്ട-തൃപ്പൂണിത്തുറ സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന റോഡിന്‍റെ ആദ്യഘട്ടം എന്ന നിലയിലാണ് പാലം വിഭാവനം ചെയ്തിരിക്കുന്നത്. 1157 മീറ്റർ നീളവും 11 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്. 7.5 മീറ്റർ വീതിയുള്ള ഇരു വരി പാതയും, ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയുള്ള നടപ്പാതകളും ക്രമീകരിച്ചിരിക്കുന്നു. കരയിലെ രണ്ട് തൂണുകൾ ഉൾപ്പെടെ ആകെ 34 തൂണുകളിലായാണ് പാലം നിലകൊള്ളുന്നത്. ദേശീയ ജലപാത കടന്നുപോകുന്നതിനാൽ, വലിയ യാനങ്ങൾക്ക് തടസമില്ലാതെ സഞ്ചരിക്കാൻ പാലത്തിന്റെ നടുഭാഗം ബോസ്ട്രിങ് ആർച്ച് മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. വടുതല, പെരുമ്പളം ഭാഗങ്ങളിൽ 300 മീറ്റർ നീളത്തിലുള്ള അപ്രോച്ച് റോഡുകളും നിർമ്മിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *