കൊച്ചി: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള സുരേഷ് ഗോപിയുടെ ലോക്സഭാംഗത്വം ചോദ്യം ചെയ്തുകൊണ്ട് സമർപ്പിക്കപ്പെട്ട ഹർജി നിലനിൽക്കുമെന്ന് കേരള ഹൈക്കോടതി. ഹർജി തള്ളണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി നൽകിയ ഇടക്കാല അപേക്ഷ കോടതി നിരസിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് വിധി പുറപ്പെടുവിച്ചത്.
തൃശൂർ സ്വദേശിയായ ബിനോയ് എ.എസ് ആണ് സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സുരേഷ് ഗോപി അഴിമതിയും നിയമവിരുദ്ധമായ പ്രവർത്തനങ്ങളും (Corrupt Practices) നടത്തിയെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
വോട്ടർമാരെ സ്വാധീനിക്കാൻ പണം വാഗ്ദാനം ചെയ്തു, മതപരമായ ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് അഭ്യർത്ഥിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. കൃഷ്ണന്റെയും രാധയുടെയും ചിത്രം പതിച്ച വസ്ത്രം ധരിച്ച് പ്രചാരണം നടത്തിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.
ഹർജി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ പ്രാഥമിക വാദം കോടതി തള്ളി. എന്നാൽ, തൃശൂരിലെ പച്ചക്കറി മാർക്കറ്റിലും പൊതുസ്ഥലങ്ങളിലും കുടകൾ വിതരണം ചെയ്തു എന്ന ആരോപണം കോടതി ഹർജിയിൽ നിന്ന് ഒഴിവാക്കി. മറ്റ് ആരോപണങ്ങളിൽ വിചാരണ തുടരാമെന്നും കോടതി വ്യക്തമാക്കി.
ഹർജി നിലനിൽക്കുമെന്ന് വ്യക്തമായതോടെ, സുരേഷ് ഗോപിക്കെതിരെയുള്ള ആരോപണങ്ങളിൽ വിശദമായ വിചാരണ വരും ദിവസങ്ങളിൽ നടക്കും.

