തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ നേതൃത്വത്തിൽ തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ സജ്ജമാക്കിയ ‘സെന്റർ ഓഫ് എക്‌സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ്’ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 11 മണിക്ക് നാടിന് സമർപ്പിക്കും. ന്യൂട്രാസ്യൂട്ടിക്കൽ മേഖലയിലെ ഗവേഷണം, നവീകരണം, സാങ്കേതിക വികസനം എന്നിവയ്ക്ക് ആക്കം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഈ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നത്.
കെ.ഡിസ്‌ക് , കിഫ്ബി കെ.എസ്.ഐ.ഡി.സി എന്നിവയുടെ സഹകരണത്തോടെ 13.99 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടുള്ള ഈ മികവിന്റെ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. പ്രകൃതിദത്ത ഉറവിടങ്ങളിൽ നിന്നുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങളെ കണ്ടെത്തി സുരക്ഷിതവും ഫലപ്രദവുമായ ആരോഗ്യ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയാണ് കേന്ദ്രത്തിന്റെ പ്രാഥമിക ലക്ഷ്യം. ആദ്യഘട്ടത്തിൽ ലൈഫ് സയൻസസ് പാർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ക്യാമ്പസിലാണ് കേന്ദ്രം പ്രവർത്തിക്കുക. ഭാവി വികസനത്തിനായി പാർക്കിൽ അഞ്ചേക്കർ ഭൂമി ഇതിനകം അനുവദിച്ചിട്ടുണ്ട്.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വ്യവസായങ്ങൾ എന്നിവയെ ഒരേ കുടക്കീഴിൽ കൊണ്ടുവരുന്ന ഗവേഷണ-വാണിജ്യ വികസന പ്ലാറ്റ്‌ഫോമായി ഈ കേന്ദ്രം മാറും. ചിറയിൻകീഴ് എം.എൽ.എ വി. ശശി ചടങ്ങിൽ അധ്യക്ഷത വഹിക്കും

