വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെന്നസിയില്‍ കുടുംബം ഓമനിച്ചു വളര്‍ത്തിയിരുന്ന പിറ്റ് ബുള്‍ ഇനത്തില്‍പ്പെട്ട നായകള്‍ 50 വയസ്സുകാരനായ ജെയിംസ് അലക്‌സാണ്ടര്‍ സ്മിത്തിനേയും മൂന്ന് മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയേയും കൊലപ്പെടുത്തി.
ബുധനാഴ്ച ഉച്ചയ്ക്ക് വീട്ടിനുള്ളില്‍ മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. അയല്‍വാസികളുടെ വിവരമനുസരിച്ച്, ഈ പിറ്റ് ബുള്ളുകള്‍ മുന്‍പ് തന്നെ അക്രമ സ്വഭാവം കാണിച്ചിരുന്നുവെന്നും പലതവണ അപകടസാധ്യത ഉണ്ടാക്കിയിട്ടുണ്ടെന്നും അറിയിക്കുന്നു.
സംഭവസമയത്ത് ഏഴ് നായ്ക്കളാണ് ഒരുമിച്ച് സ്മിത്തിനെയും കുഞ്ഞിനെയും ആക്രമിച്ചത്. പൊലീസ് വീട്ടില്‍ എത്തുമ്പോള്‍, സ്മിത്ത് ബോധരഹിതനായി കിടക്കുകയായിരുന്നുവെന്നും കുഞ്ഞിനെ നായ്ക്കള്‍ തുടര്‍ന്നും ആക്രമിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, പൊലീസ് ഏഴ് പിറ്റ് ബുള്ളുകളെയും വെടിവെച്ച് വധിച്ചു. എന്നാല്‍ നായകളെ നിയന്ത്രിക്കാനായപ്പോള്‍, ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ രക്ഷിക്കാനായില്ല. കുഞ്ഞ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.

