രക്തദാനരംഗത്ത് പ്ലേറ്റുലെറ്റുകളുടെ ഉപയോഗം വളരെ പ്രാധാന്യമുള്ള ഒന്നാണ്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകള്‍ മുറിവുകള്‍ ഉണങ്ങാനും രക്തം കട്ടപിടിക്കാനും സഹായിക്കുന്നവയാണ്. എന്നാല്‍ ഇവയുടെ ആയുസ് വെറും 5 മുതല്‍ 7 ദിവസം വരെ മാത്രമാണ്. ഇക്കാരണത്താല്‍ ആശുപത്രികളില്‍ വലിയ ക്ഷാമത്തിന് കാരണമാകാറുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ ഗവേഷകരുടെ പുതിയ കണ്ടു പിടുത്തം ഇതിനൊരു പരിഹാരമാവുകയാണ്. ബ്ലഡിലെ പ്ലേറ്റ്‌ലെറ്റുകളെ ശീതികരിച്ചു സൂക്ഷിക്കുന്ന ഫ്രീസ്-ഡ്രൈയിംഗ് എന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നടത്തിയിരിക്കുന്നത്.
ഓസ്ട്രേലിയന്‍ ഗവേഷകര്‍ വികസിപ്പിച്ച പുതിയ രീതി പ്രകാരം പ്ലേറ്റ്ലെറ്റുകള്‍ ശീതീകരിച്ച് സൂക്ഷിക്കാന്‍ സാധിക്കും. ശീതികരിച്ച പ്ലേറ്റ്‌ലെറ്റ് മാസങ്ങളോളം കേടുകൂടാതെ ഇരിക്കും.രക്തം ആവശ്യമായി വരുന്ന ഘട്ടത്തില്‍ ഇവ വീണ്ടും സാധാരണ നിലയിലാക്കി രോഗിക്ക് നല്‍കാന്‍ സാധിക്കും.
ഈ ഗവേഷണം വൈദ്യശാസ്ത്ര മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതിക്ഷിക്കുന്നത്.യുദ്ധഭൂമിയിലോ അപകടം നടന്ന വിദൂര സ്ഥലങ്ങളിലോ രക്തം എത്തിക്കുക പ്രയാസമാണ്.ഫ്രീസ് ചെയ്ത പ്ലേറ്റ്ലെറ്റുകള്‍ എളുപ്പത്തില്‍ കൊണ്ടുപോകാനും അടിയന്തര ഘട്ടങ്ങളില്‍ ജീവന്‍ രക്ഷിക്കാനും സഹായിക്കും.
ഓസ്ട്രേലിയയിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വലിയ ആശുപത്രികള്‍ കുറവാണ്. അവിടെ ഇത്തരം പ്ലേറ്റ്ലെറ്റ് ശേഖരം സൂക്ഷിക്കുന്നത് അപകടമരണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.പ്ലേറ്റ്ലെറ്റുകള്‍ പെട്ടെന്ന് നശിച്ചുപോകുന്നതിനാല്‍ നിലവിലുള്ള രക്തബാങ്കുകളിലെ നഷ്ടം ഒഴിവാക്കാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കും.
ഓസ്ട്രേലിയന്‍ റെഡ് ക്രോസ് ലൈഫ് ബ്ലഡും രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലകളിലെ ഗവേഷകരും ചേര്‍ന്നാണ് ഈ പഠനം നടത്തിയത്.ഈ രീതിയിലുള്ള പ്ലേറ്റ്ലെറ്റുകള്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതിക്കായി അവര്‍ കാത്തിരിക്കുകയാണ്.ഈ പുതിയ കണ്ടുപിടുത്തം ലോകമെമ്പാടുമുള്ള അടിയന്തര ചികിത്സാ രീതികളില്‍ വലിയ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

