പൊതുസ്ഥലത്ത് പൊലീസ് നടത്തിയ മര്‍ദനം മൊബൈലില്‍ ചിത്രീകരിച്ചതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ തിരക്കി എത്തിയ ഗര്‍ഭിണിയായ ഭാര്യയെ പൊലീസ് സ്റ്റേഷനില്‍ ക്രൂരമായി മര്‍ദിച്ച കേസിലാണ് സിഐ പ്രതാപചന്ദ്രന് സസ്‌പെന്‍ഷന്‍.
കൊച്ചി സ്വദേശി ഷൈമോള്‍ക്കാണ് പൊലീസിന്റെ അടിയേറ്റത്. 2024 ജൂണ്‍ 20നു നടന്ന മര്‍ദനത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഈ സിസിടിവി ദൃശ്യങ്ങള്‍ പരാതിക്കാരിക്ക് പൊലീസ് കൈമാറിയത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 20നാണ് സംഭവമുണ്ടായത്. മഫ്തിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പൊതു ഇടത്തുവച്ച് രണ്ടുപേരെ മര്‍ദിക്കുന്നത് യുവാവ് ഫോണില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടി എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചു. സംഭവമറിഞ്ഞു യുവാവിനെ അന്വേഷിച്ച് സ്റ്റേഷനിലെത്തിയ ഭാര്യയെയാണ് എസ്എച്ച്ഒ പ്രതാപചന്ദ്രന്‍ മര്‍ദിച്ചത്. യൂണിഫോം ധരിക്കാത്ത പൊലീസ് ഉദ്യോഗസ്ഥരാണ് സ്റ്റേഷനിലും അക്രമം നടത്തിയത്. യുവതിയെ നെഞ്ചില്‍ പിടിച്ചുതള്ളുന്നതും മുഖത്തടിക്കുന്നതും വിഡിയോയില്‍ വ്യക്തമായി കാണാം. തുടര്‍ന്നു കൂടുതല്‍ അക്രമത്തിനു മുതിര്‍ന്ന എസ്എച്ച്ഒയെ മറ്റ് ഉദ്യോഗസ്ഥര്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു.
മര്‍ദനത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തോളം യുവതിക്ക് പോരാടേണ്ടി വന്നു. പരാതി നല്‍കിയപ്പോള്‍ യുവതി എസ്എച്ച്ഒയെ മര്‍ദിച്ചു എന്നാണ് പൊലീസ് കഥ മെനഞ്ഞത്. തുടര്‍ന്നു കോടതിയെ സമീപിച്ചപ്പോഴാണ് സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. പൊലീസ് ക്രൂരത സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.

