ഗർഭിണിയായ മുൻ പങ്കാളിയടക്കം മൂന്നുപേരെ കൊലപ്പെടുത്തിയ പ്രതിക്കായി വലവിരിച്ച് പോലീസ്; ലേക്ക് കാർഗെല്ലിഗോയിൽ അതീവ ജാഗ്രത

പെർത്ത്/ലേക്ക് കാർഗെല്ലിഗോ: ന്യൂ സൗത്ത് വെയിൽസിലെ ലേക്ക് കാർഗെല്ലിഗോയിൽ ഗർഭിണിയായ യുവതിയടക്കം മൂന്നുപേരെ വെടിവെച്ചു കൊന്ന ശേഷം ഒളിവിലായ പ്രതി ജൂലിയൻ ഇൻഗ്രാമിനായി (37) പോലീസ് തിരച്ചിൽ ഊർജിതമാക്കി. പ്രതി ആയുധധാരിയാണെന്നും അതീവ അപകടകാരിയാണെന്നും വ്യക്തമായതോടെ ലാക്ലാൻ നദി കേന്ദ്രീകരിച്ച് വൻ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്.

ജനുവരി 22-നായിരുന്നു നാടിനെ നടുക്കിയ ദാരുണമായ സംഭവം നടന്നത്. ഇൻഗ്രാമിന്റെ മുൻ പങ്കാളിയായ സോഫി ക്വിൻ, സോഫിയുടെ ആന്റി നെരിഡ, സുഹൃത്ത് ജോൺ ഹാരിസ് എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ സോഫി ഗർഭിണിയായിരുന്നു എന്നത് സംഭവത്തിന്റെ ആഘാതം വർദ്ധിപ്പിക്കുന്നു. കൃത്യം നടത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പ്രദേശത്തെ വനിതാ ട്രാഫിക് കൺട്രോളർമാർക്ക് പ്രതി റോസാപ്പൂക്കൾ സമ്മാനിച്ചിരുന്നതായി പുറത്തുവന്ന റിപ്പോർട്ടുകൾ ഇയാളുടെ മാനസികാവസ്ഥയെക്കുറിച്ചുള്ള ദുരൂഹത വർദ്ധിപ്പിക്കുന്നു.

ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ ശനിയാഴ്ച രാത്രി മൗണ്ട് ഹോപ്പിലെ വിജനമായ പ്രദേശത്ത് രണ്ട് യുവതികൾ നേരിട്ടു കണ്ടതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. ആമി, ചെൽസി എന്നീ യുവതികൾ തങ്ങളുടെ കൃഷിയിടത്തിൽ വെച്ച് ഒരാളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു. ഇവർക്ക് നേരെ പ്രതി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെങ്കിലും യുവതികൾ പോലീസിൽ വിവരമറിയിച്ചു. ഇവർ നൽകിയ അടയാളങ്ങൾ പരിശോധിച്ച പോലീസ്, അത് ജൂലിയൻ ഇൻഗ്രാം തന്നെയാണെന്ന് സ്ഥിരീകരിച്ചു.

പ്രതി കാൽനടയായി ലാക്ലാൻ നദി കടന്നിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. നദിയുടെ പരിസരപ്രദേശങ്ങളിൽ ഡ്രോണുകളും സ്നിഫർ ഡോഗുകളും ഉപയോഗിച്ച് പരിശോധന തുടരുകയാണ്. പ്രതിയെ കണ്ടെത്താത്തതിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും പ്രദേശവാസികളും വലിയ ഭീതിയിലാണ്. പ്രതിയെ കണ്ടുമുട്ടുന്നവർ നേരിട്ട് പിടികൂടാൻ ശ്രമിക്കരുതെന്നും അടിയന്തരമായി പോലീസിനെ വിവരം അറിയിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *