തിരുവനന്തപുരം: നാർക്കോട്ടിക് സെൽ നടത്തിയ അതീവ ഗൗരവകരമായ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലഹരി മാഫിയയുമായി അടുത്ത ബന്ധം പുലർത്തുകയും ലഹരിക്കടത്തിന് ഒത്താശ ചെയ്യുകയും ചെയ്ത രണ്ട് സിവിൽ പോലീസ് ഓഫീസർമാരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം റൂറൽ കൺട്രോൾ റൂമിലെ സിവിൽ പോലീസ് ഓഫീസർമാരായ രാഹുൽ, അഭിൻജിത് എന്നിവർക്കെതിരെയാണ് റൂറൽ എസ്പി നടപടി സ്വീകരിച്ചത്.
ലഹരി സംഘങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് സേനയിലെ ഉദ്യോഗസ്ഥർക്കും ഇതിൽ പങ്കുണ്ടെന്ന് വ്യക്തമായത്. പിടിയിലായ രണ്ട് ഉദ്യോഗസ്ഥരും ലഹരി പദാർത്ഥങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നവരാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ലഹരി മാഫിയയിൽ നിന്ന് ലഹരിവസ്തുക്കൾ ശേഖരിച്ച് മറ്റുള്ളവർക്ക് എത്തിച്ചുകൊടുക്കുന്ന വിപുലമായ ശൃംഖലയുടെ ഭാഗമായിരുന്നു ഇവരെന്നാണ് റിപ്പോർട്ടുകൾ. ‘ഓപ്പറേഷൻ ക്ലീൻ സ്ലൈറ്റ്’ പോലുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി മുന്നോട്ടുപോകുന്നതിനിടയിലാണ് പോലീസിനെ തന്നെ പ്രതിക്കൂട്ടിലാക്കുന്ന ഈ സംഭവം പുറത്തുവരുന്നത്. നിലവിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ 99 ശതമാനവും ലഹരിയുമായി ബന്ധപ്പെട്ടതാണെന്നിരിക്കെ അത് തടയേണ്ടവർ തന്നെ ഇതിൽ ഉൾപ്പെട്ടത് ഗൗരവകരമാണ്.

