മെൽബൺ: ഓസ്‌ട്രേലിയ കണ്ട ഏറ്റവും വലിയ മനുഷ്യവേട്ടകളിലൊന്നായ ഡെസി ഫ്രീമാൻ കേസിൽ നിർണ്ണായക നീക്കവുമായി വിക്ടോറിയ പോലീസ്. അഞ്ച് മാസമായി ഒളിവിൽ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളി ഡെസി ഫ്രീമാൻ കൊല്ലപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന് പോലീസ് തിങ്കളാഴ്ച അറിയിച്ചു. ഇയാളുടെ മൃതദേഹം കണ്ടെത്താനായി വിക്ടോറിയയിലെ മൗണ്ട് ബഫല്ലോ നാഷണൽ പാർക്കിൽ (Mount Buffalo National Park) അഞ്ച് ദിവസത്തെ പുതിയ തെരച്ചിൽ ആരംഭിച്ചു.
2025 ഓഗസ്റ്റ് 26-ന് കൊലപാതകങ്ങൾ നടന്നതിന് തൊട്ടുപിന്നാലെ പ്രദേശത്ത് നിന്ന് ഒരു വെടിയൊച്ച കേട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഫ്രീമാൻ സ്വയം ജീവനൊടുക്കിയിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ് പുതിയ തിരച്ചിൽ നടത്തുന്നത്.കഴിഞ്ഞ ഓഗസ്റ്റിൽ പോർപങ്കയിലെ (Porepunkah) തന്റെ വീട്ടിലെത്തിയ നീൽ തോംസൺ, വാഡിം ഡി വാർട്ട് എന്നീ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വെടിവെച്ചു കൊന്ന ശേഷമാണ് 56-കാരനായ ഫ്രീമാൻ വനത്തിലേക്ക് കടന്നത്.
നൂറിലധികം ഉദ്യോഗസ്ഥർ, പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കൾ (Cadaver dogs), ഡ്രോണുകൾ എന്നിവയെ ഉപയോഗിച്ചാണ് ദുർഘടമായ വനമേഖലയിൽ തിരച്ചിൽ നടത്തുന്നത്.ഫ്രീമാൻ ജീവനോടെയുണ്ടാകാൻ സാധ്യത കുറവാണെന്ന് ഡിറ്റക്ടീവ് ഇൻസ്പെക്ടർ ആദം ടില്ലി പറഞ്ഞു. എങ്കിലും അയാൾ മറ്റാരെങ്കിലും ഒളിവിൽ താമസിപ്പിക്കുന്നുണ്ടോ അല്ലെങ്കിൽ വനത്തിൽ തന്നെ ഒളിച്ച് കഴിയുകയാണോ എന്ന കാര്യങ്ങളും പോലീസ് തള്ളിക്കളയുന്നില്ല.
ഡെസി ഫ്രീമാനെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് വിക്ടോറിയ സർക്കാർ ഒരു മില്യൺ ഡോളർ (A$1 million) പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാൾ സായുധനും അപകടകാരിയുമാണെന്നും അതിനാൽ നേരിട്ട് സമീപിക്കരുതെന്നും പൊതുജനങ്ങൾക്ക് മുന്നറിയിപ്പുണ്ട്.

