രാഹുല്‍ മാങ്കൂട്ടത്തിലിനായി സംസ്ഥാനമെങ്ങും അന്വേഷണം, പാലക്കാട് ഫ്‌ളാറ്റില്‍ പരിശോധന, സിസിടിവി ദൃശ്യം ശേഖരിച്ചു

പാലക്കാട്: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനായി സംസ്ഥാനമെങ്ങും വ്യാപക പരിശോധനയുമായി പോലീസ്. നിലവില്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കൊടുത്തിരിക്കുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലാണ്. ബുധനാഴ്ചയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി പരിഗണിക്കുന്നത്. എന്നാല്‍ അറസ്റ്റിലേക്കു കടക്കുന്നതിന് ഈ ഹര്‍ജിയിലെ തീര്‍പ്പിനായി കാത്തിരിക്കേണ്ട കാര്യമില്ലെന്നാണ് പോലീസിനു കിട്ടിയിരിക്കുന്ന നിയമോപദേശം. അതിനാലാണ് സംസ്ഥാന വ്യാപകമായി അരിച്ചു പെറുക്കിയുള്ള പരിശോധനയിലേക്ക് പോലീസ് കടന്നിരിക്കുന്നത്.

പ്രത്യേകാന്വേഷണ സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നതെങ്കിലും സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളും ഇതുമായി സഹകരിക്കുകയാണ്. അതിനിടെ കേസ് ചാര്‍ജ് ചെയ്തിരിക്കുന്ന നേമം പോലീസ് സ്റ്റേഷന്റെ മൂക്കിനു താഴെ വഞ്ചിയൂര്‍ കോടതിക്കു സമീപം അഭിഭാഷകന്റെ ഓഫീസില്‍ കാറില്‍ രാഹുല്‍ നേരിട്ടെത്തി വക്കാലത്ത് ഒപ്പിട്ടു നല്‍കിയത് പോലീസിന്റെ കാര്യക്ഷമതയ്ക്ക് വെല്ലുവിളിയായി എന്ന കാഴ്ചപ്പാടും സേനയിലുണ്ട്.

ഞായറാഴ്ച രാവിലെ രാഹുലിന്റെ പാലക്കാടുള്ള എംഎല്‍എ ഓഫീസ് പോലീസ് പരിശോധിക്കുകയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. രാഹുലിന്റെ ഔദ്യോഗിക വാഹനം പാലക്കാട്ടെ ഫ്‌ളാറ്റില്‍ പാര്‍ക്ക ചെയ്ത ശേഷം മറ്റേതോ വാഹനത്തിലാണ് രാഹുല്‍ ഒളിവില്‍ പോയിരിക്കുന്നത്. നിലവില്‍ ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളും അവരുടെ ഫോണുകളും പോലീസിന്റെ നിരീക്ഷണത്തിലാണ്. കോയമ്പത്തൂരിലാണ് രാഹുല്‍ ഒളിവില്‍ കഴിയുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ അവിടെ നിന്നുള്ള പോലീസ് സഹായവും തേടിയിട്ടുണ്ടെന്നാണഅ അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *