സിഡ്‌നി: സിഡ്‌നിയിലെ തെക്കൻ മേഖലകളിൽ ഇ-ബൈക്ക് യാത്രക്കാർക്കെതിരെ വ്യാപക പരിശോധനയുമായി പോലീസ്. കഴിഞ്ഞയാഴ്ച സതർലാൻഡ് ഷയർ, ഈസ്റ്റേൺ ബീച്ചുകൾ എന്നിവിടങ്ങളിൽ നടത്തിയ രണ്ട് ദിവസത്തെ പ്രത്യേക പരിശോധനയിൽ (Police Blitz) 215 പേരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും 170 പേർക്ക് പിഴ ചുമത്തുകയും ചെയ്തു. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ബൈക്കുകൾ ഉപയോഗിച്ചതിനും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനുമാണ് നടപടി.
പരിശോധനയിൽ 14 വയസ്സുള്ള കൗമാരക്കാർ ഉൾപ്പെടെയുള്ളവർ പിടിയിലായിട്ടുണ്ട്. പെഡലുകൾ ഇല്ലാത്തതും നിയമപ്രകാരം മോട്ടോർ ബൈക്കുകളുടെ ഗണത്തിൽപ്പെടുന്നതുമായ ഇ-ബൈക്കുകളാണ് പലരും ഉപയോഗിച്ചിരുന്നത്. 250-ഓളം പേരെ മദ്യപാന പരിശോധനയ്ക്കും 26 പേരെ മയക്കുമരുന്ന് പരിശോധനയ്ക്കും വിധേയരാക്കി. ഇതിൽ അഞ്ചുപേർ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് അവർക്കെതിരെ ക്രിമിനൽ കേസെടുത്തു. മറ്റ് 21 പേർക്കെതിരെ ട്രാഫിക് നിയമലംഘനത്തിന് കേസെടുത്തിട്ടുണ്ട്. വൂളൂവെയറിൽ ഫുട്പാത്തിലൂടെ ലൈസൻസോ ഇൻഷുറൻസോ ഇല്ലാതെ ഇ-ബൈക്ക് ഓടിച്ച 25 വയസ്സുകാരന്റെ വാഹനം പോലീസ് പിടിച്ചെടുത്തു. ഇയാൾ മയക്കുമരുന്ന് പരിശോധനയിൽ പരാജയപ്പെടുകയും ചെയ്തു.
ന്യൂ സൗത്ത് വെയ്‌ൽസ് നിയമപ്രകാരം പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നതോ 500 വാട്ടിൽ കൂടുതൽ കരുത്തുള്ളതോ ആയ ഇ-ബൈക്കുകൾ പൊതുനിരത്തുകളിലോ സൈക്കിൾ പാതകളിലോ ഉപയോഗിക്കാൻ പാടില്ല. ഇത്തരം വാഹനങ്ങൾക്ക് രജിസ്‌ട്രേഷനും ലൈസൻസും നിർബന്ധമാണ്. കൂടാതെ, മണിക്കൂറിൽ 25 കിലോമീറ്റർ വേഗത പിന്നിടുമ്പോൾ മോട്ടോർ സഹായം തനിയെ നിലയ്ക്കുന്ന രീതിയിലായിരിക്കണം ഇവയുടെ പ്രവർത്തനം. ഇ-ബൈക്ക് അപകടങ്ങളിൽ പരിക്കേറ്റ് ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിൽ 350 ശതമാനം വർധനവുണ്ടായ സാഹചര്യത്തിലാണ് പോലീസ് നടപടി കർശനമാക്കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ട്രാഫിക് ആൻഡ് ഹൈവേ പട്രോൾ കമാൻഡർ സൂപ്രണ്ട് ആന്തണി ബോയ്ഡ് മുന്നറിയിപ്പ് നൽകി.

