സിഡ്നി: ഓസ്ട്രേലിയന്‍ രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത പ്രസ്താവനയുമായി പ്രമുഖ യഹൂദ ആത്മീയ നേതാവും എഴുത്തുകാരനുമായ റബ്ബി ഷമുലി ബോട്ടിക്.പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് എത്രയും വേഗം രാജിവെക്കണമെന്ന കടുത്ത ആവശ്യവുമായാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഓസ്ട്രേലിയയെ ‘അപകടകരമായ ജൂത വിരുദ്ധ ഓട’ (lethal, antisemitic sewer) ആയി പ്രധാനമന്ത്രി മാറ്റിയെന്ന് അദ്ദേഹം ആരോപിച്ചു.
കുടുംബബന്ധം മുന്‍നിര്‍ത്തി, തന്റെ ഒന്‍പത് മക്കളും ഓസ്ട്രേലിയന്‍ പൗരന്മാരാണെന്നും ഭാര്യ ഓസ്ട്രേലിയക്കാരിയാണെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ബോട്ടിക് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. രാജ്യത്തെ ജൂത സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടുവെന്ന വൈകാരികമായ വിലാപമാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിഴലിക്കുന്നത്.
‘ഒരു പിതാവ് എന്ന നിലയിലും ഭര്‍ത്താവ് എന്ന നിലയിലുമുള്ള എന്റെ ഉത്തരവാദിത്തം മുന്‍നിര്‍ത്തിയാണ് ഞാന്‍ സംസാരിക്കുന്നത്. ഓസ്ട്രേലിയയിലിന്ന് ജൂത വിദ്വേഷം പടരുകയാണ്. ഇതിന് ഉത്തരവാദി പ്രധാനമന്ത്രിയാണ്,’ അദ്ദേഹം സമൂഹമാധ്യമത്തിലൂടെ കുറിച്ചു.
കഴിഞ്ഞ കുറച്ചു നാളുകളായി ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളില്‍ അരങ്ങേറുന്ന പ്രതിഷേധങ്ങളും വംശീയ അധിക്ഷേപങ്ങളും മലയാളി സമൂഹമടക്കമുള്ള കുടിയേറ്റക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.ബഹുസ്വരതയുടെ പ്രതീകമായി അറിയപ്പെടുന്ന ഓസ്ട്രേലിയയില്‍ ഇത്തരം വിള്ളലുകള്‍ വീഴുന്നത് രാജ്യത്തിന്റെ ഭാവിക്ക് ഗുണകരമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
നിലവില്‍ സിഡ്നിയിലും മെല്‍ബണിലും താമസിക്കുന്ന ആയിരക്കണക്കിന് മലയാളി കുടുംബങ്ങള്‍ സമാധാനപരമായ സഹവര്‍ത്തിത്വമാണ് ആഗ്രഹിക്കുന്നത്.എന്നാല്‍ ഭരണനേതൃത്വത്തിനെതിരെ ഉയര്‍ന്നുവരുന്ന ഇത്തരം രൂക്ഷമായ വിമര്‍ശനങ്ങള്‍ രാഷ്ട്രീയ തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിമാറുകയാണ്.

