ആഗോള ക്രൈസ്തവ ഐക്യത്തിന് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ; ദ്വിരാഷ്ട്രമാണ് ഇസ്രയേല്‍ പലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരമെന്ന് പ്രഖ്യാപനം

ബെയ്‌റൂട്ട്: ആഗോള ക്രൈസ്തവ ഐക്യത്തിന് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. സഭകള്‍ക്കിടയിലെ തെറ്റുകുറ്റങ്ങളും വീഴ്ചകളും മറക്കാനും സമാധാനത്തിനായി ഒന്നിച്ച് നില്‍ക്കാനുമാണ് ആഹ്വാനം. ഇസ്രയേല്‍ – പലസ്തീന്‍ പ്രശ്‌നപരിഹാരത്തിന് ദ്വിരാഷ്ട്രം മാത്രമാണ് പോംവഴിയെന്നും മാര്‍പ്പാപ്പ അടിവരയിട്ടു. തുര്‍ക്കി, ലെബനന്‍ സന്ദര്‍ശനത്തിനിടെയാണ് മാര്‍പ്പാപ്പയുടെ പ്രഖ്യാപനം.

സഭയ്ക്കുള്ളിലുണ്ടാകേണ്ട ഐക്യത്തെ പറ്റിയും സഭയും ഇതര സഭകളും തമ്മിലുണ്ടാകേണ്ട ഐക്യത്തെ പറ്റിയും ക്രൈസ്തവരും ഇതര മതങ്ങളും തമ്മിലുണ്ടാകേണ്ട ഐക്യത്തെ പറ്റിയും മാര്‍പ്പാപ്പ തുര്‍ക്കി, ലെബനന്‍ യാത്രയിലുടനീളം സംസാരിച്ചു. സഭയും ഇതര സഭകളും തമ്മില്‍ ഐക്യമുണ്ടാവണമെന്നും പരസ്പരം ഭ്രഷ്ട് കല്‍പ്പിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും മാര്‍പ്പാപ്പ ഊന്നിപ്പറഞ്ഞു.

തുര്‍ക്കിയിലെ മുസ്ലിം പള്ളിയില്‍ മാര്‍പ്പാപ്പ സന്ദര്‍ശനം നടത്തി. അക്രമത്തെ ന്യായീകരിക്കാന്‍ പോലും മതത്തെ ഉപയോഗിക്കുന്ന കാലത്ത് യഥാര്‍ത്ഥ മതവിശ്വാസികള്‍ തമ്മില്‍ സാഹോദര്യമുണ്ടാകണമെന്ന് മാര്‍പ്പാപ്പ എടുത്തു പറഞ്ഞു. ലെബനോനിലേക്ക് പോകുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം വിശദമായ മറുപടി നല്‍കി. ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷത്തെ കുറിച്ച് ചോദിച്ചപ്പോള്‍ രണ്ട് രാജ്യങ്ങളുണ്ടാവുക എന്നത് മാത്രമാണ് ഏക പരിഹാരമെന്നാണ് സഭയുടെ എക്കാലത്തെയും നിലപാടെന്ന് അദ്ദേഹം പറഞ്ഞു- ‘ഇപ്പോഴും ഇസ്രയേല്‍ ആ പരിഹാരം അംഗീകരിക്കുന്നില്ലെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. പക്ഷേ അതാണ് ഒരേയൊരു പരിഹാരമെന്ന് ഞങ്ങള്‍ കരുതുന്നു’

ലെബനനില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനമാണ് പോപ്പ് നടത്തുക. മാതൃരാജ്യത്ത് തുടരുന്നതും സ്‌നേഹത്തിനും സമാധാനത്തിനുമായി പ്രവര്‍ത്തിക്കുന്നതും ഏറെ വിലപ്പെട്ട കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സമാധാനം കെട്ടിപ്പടുക്കാന്‍ സ്ഥിരോത്സാഹം ആവശ്യമാണ്. ജീവന്‍ സംരക്ഷിക്കാനും സ്ഥിരോത്സാഹം ആവശ്യമാണെന്ന് മാര്‍പ്പാപ്പ വിശദീകരിച്ചു. മേഖലയിലുടനീളം സമാധാന ദൂതനായാണ് താന്‍ എത്തിയിരിക്കുന്നതെന്നും പോപ്പ് പറഞ്ഞു.

മെയ് മാസത്തില്‍ മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം പോപ്പിന്റെ ആദ്യ വിദേശ യാത്രയാണിത്. ലെബനോനില്‍ പോപ്പ് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ കാണുകയും മതാന്തര സമ്മേളനത്തില്‍ പങ്കെടുക്കുകയും ബെയ്‌റൂട്ടില്‍ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യും. പോപ്പിനെ വരവേല്‍ക്കാന്‍ ലെബനന്‍, വത്തിക്കാന്‍ പതാകകള്‍ പിടിച്ച് വലിയ ജനക്കൂട്ടം തെരുവുകളില്‍ അണിനിരന്നു. ഇസ്രയേല്‍-പലസ്തീന്‍, യുക്രെയ്ന്‍-റഷ്യ സംഘര്‍ഷങ്ങളെ കുറിച്ച് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനും ചര്‍ച്ച ചെയ്തതായി പോപ്പ് പറഞ്ഞു. രണ്ട് യുദ്ധങ്ങളും അവസാനിപ്പിക്കാന്‍ തുര്‍ക്കിക്ക് ഒരു പ്രധാന പങ്കു വഹിക്കാന്‍ കഴിയുമെന്നും മാര്‍പ്പാപ്പ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *