മെല്‍ബണ്‍: ഇന്ത്യന്‍ വംശജനായ സിഖ് വിദ്യാര്‍ഥിയുടെ ഒറ്റയാള്‍ പോരാട്ടം അവസാനം ഫലമണിഞ്ഞു. ഇതിന്റെ സന്തോഷത്തിലാണ് മൊണാഷ് സര്‍വകലാശാലയിലെ പാരാമെഡിക് വിദ്യാര്‍ഥി പ്രഭ്ജീത് ഗില്‍. പഠന ശേഷം ക്ലിനിക്കല്‍ പ്ലേസ്‌മെന്റിനുള്ള അപേക്ഷ സമര്‍പ്പണ വേളയില്‍ വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ ഡ്യൂട്ടി സമയങ്ങളില്‍ ധരിക്കേണ്ട മാസ്‌ക് കൃത്യമായി വയ്ക്കുന്നതിനായി ഗില്‍ തന്റെ മതപരമായ ആചാരമായി സൂക്ഷിച്ചിരുന്ന താടി വടിക്കണമെന്ന് ആംബുലന്‍സ് വിക്ടോറിയ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ നിസഹായനാണെന്ന് ഗില്‍ അറിയിച്ചെങ്കിലും അശേഷം വിട്ടുകൊടുക്കാന്‍ ആംബുലന്‍സ് വിക്ടോറിയ തയാറായതുമില്ല. താടി വടിച്ച് മാസ്‌ക് വയ്ക്കുന്നതിനു പകരം സിക്കുകാര്‍ സാധാരണ ചെയ്യുന്നതു പോലെ താടിക്കുമേല്‍ സിഖ്തത്ത എന്നു വിളിക്കുന്ന പ്ലാസ്റ്റിക് ഷീല്‍ഡ് വച്ചതിനു ശേഷം മാസ്‌ക് വയ്ക്കാമെന്നായിരുന്നു ഗില്ലിന്റെ വാഗ്ദാനം. താടിക്കടിയില്‍ നിന്നു തലയുടെ നെറുകയിലേക്കു വലിച്ചുറപ്പിക്കുന്ന പ്ലാസ്റ്റിക് ഷീല്‍ഡാണ് സിഖ് തത്ത. ഇതോടെ പ്ലേസ്‌മെന്റ് നിഷേധിക്കപ്പെട്ട ഗില്‍ പരാതി ബോധിപ്പിക്കുകയാണെന്ന് അറിയിച്ചതോടെ ഇയാള്‍ക്കു മാത്രം ഇളവു നല്‍കാമെന്നായി ആംബുലന്‍സ് വിക്ടോറിയ എന്നാല്‍ തനിക്കു മാത്രമായി ഔദാര്യം വേണ്ടെന്നും എല്ലാ സിക്കുകാര്‍ക്കും ഇതു ബാധകമാക്കണമെന്നു ആവശ്യപ്പെട്ട് ഗില്‍ ഓസ്‌ട്രേലിയന്‍ മനുഷ്യവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് കമ്മീഷന്റെ ഉത്തരവ് ഗില്ലിനു ലഭിക്കുന്നത്. മറ്റു മതവിഭാഗങ്ങളിലുള്ളവരില്‍ നിന്നു വ്യത്യസ്തമായി സിഖുകാര്‍ക്ക് സിഖ് തത്ത ധരിച്ചുകൊണ്ട് മാസ്‌ക് അതിനു മേലെ ധരിച്ചാല്‍ മതിയാകുമെന്നാണ് ഉത്തരവില്‍ പറയുന്നത്.

