കൊച്ചി: ‘പണി’ എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച യുവനടൻ സാഗർ സൂര്യയുടെ പുതിയ ചിത്രം ‘പ്രകമ്പനം’ റിലീസിനൊരുങ്ങുന്നു. സാഗർ സൂര്യയും ഗണപതിയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ഹൊറർ-കോമഡി ചിത്രം ജനുവരി 30-ന് പ്രദർശനത്തിനെത്തും.
വിജേഷ് പാണത്തൂർ കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം നവരസം ഫിലിംസും പ്രശസ്ത തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമ്മാണ കമ്പനിയായ ബെഞ്ച് സ്റ്റുഡിയോസും സംയുക്തമായാണ് തിയേറ്ററുകളിൽ എത്തിക്കുന്നത്.’നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിന് ശേഷം വിജേഷ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
സാഗർ സൂര്യ, ഗണപതി, അമീൻ എന്നിവരുടെ രസകരമായ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. കലഭവൻ നവാസ്, രാജേഷ് മാധവൻ, അസീസ് നെടുമങ്ങാട്, പി.പി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ഗായത്രി സതീഷ്, ലാൽ ജോസ്, പ്രശാന്ത് അലക്സാണ്ടർ തുടങ്ങി വലിയൊരു നിര തന്നെ ചിത്രത്തിലുണ്ട്. ബിബിൻ അശോക് ഈണമിട്ട ‘തള്ള വൈബ്’ എന്ന ഗാനത്തിന് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ശങ്കർ ശർമ്മയാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.ശ്രീജിത്ത് കെ.എസ്., കാർത്തികേയൻ എസ്., സുധീഷ് എൻ. എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ശ്രീഹരി വടക്കൻ തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രത്തിൽ ശീതൾ ജോസഫാണ് നായിക. സാഗർ സൂര്യയുടെ തികച്ചും വ്യത്യസ്തമായ ഒരു വേഷം കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് ‘പ്രകമ്പനം’ മികച്ചൊരു തിയേറ്റർ അനുഭവമാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ

