സിഡ്‌നി: കൊറിയൻ പലചരക്ക് കടകളിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്ന സീവീഡ് സീസണിംഗ് ഉൽപ്പന്നത്തിൽ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഓസ്‌ട്രേലിയയിൽ അതീവ ജാഗ്രതാ നിർദ്ദേശം. കാഗ്രോ എൻ.എസ്.ഡബ്ല്യു വിതരണം ചെയ്യുന്ന ‘പിങ്ക് ഫോങ് സീസൺഡ് സീവീഡ് ഫ്ലേക്സ്’ (Pinkfong Seasoned Seaweed Flakes 40g) എന്ന ഉൽപ്പന്നമാണ് വിപണിയിൽ നിന്നും അടിയന്തരമായി തിരിച്ചുവിളിക്കുന്നത്. ന്യൂ സൗത്ത് വെയിൽസ് ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി എന്നിവിടങ്ങളിലെ കൊറിയൻ സ്റ്റോറുകളിലാണ് ഈ ഉൽപ്പന്നം ലഭ്യമായിരുന്നത്.
2026 ഓഗസ്റ്റ് 20 വരെയുള്ള ‘യൂസ് ബൈ’ തീയതി രേഖപ്പെടുത്തിയ പാക്കറ്റുകളിലാണ് പ്ലാസ്റ്റിക് കലർന്നതായി കണ്ടെത്തിയിരിക്കുന്നത്. ഫുഡ് സ്റ്റാൻഡേർഡ്സ് ഓസ്‌ട്രേലിയ ന്യൂസിലൻഡ് ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പ്ലാസ്റ്റിക് കലർന്ന ഭക്ഷണം കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും പരിക്കുകൾക്കും കാരണമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
ഉപഭോക്താക്കൾ ഈ ഉൽപ്പന്നം ഉപയോഗിക്കരുതെന്നും, വാങ്ങിയ കടകളിൽ തിരികെ നൽകി മുഴുവൻ തുകയും കൈപ്പറ്റണമെന്നും നിർദ്ദേശമുണ്ട്. ഈ ഉൽപ്പന്നം ഉപയോഗിച്ചതുമൂലം എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ എത്രയും വേഗം വൈദ്യസഹായം തേടണമെന്നും എഫ്.എസ്.എ.എൻ.സെഡ് അറിയിച്ചു.

