ന്യൂഡൽഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ഞായറാഴ്ച അവതരിപ്പിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. ചരിത്രത്തിൽ ആദ്യമായാണ് ബജറ്റ് ഞായറാഴ്ച അവതരിപ്പിക്കുന്നത്. 28ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന ബജറ്റ് സമ്മേളനം ഏപ്രിൽ രണ്ടുവരെ നീണ്ടുനിൽക്കും.
രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ സഭ സമ്മേളിക്കുന്നത്. 28 ന് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. ഫെബ്രുവരി 13ന് ആദ്യ ഘട്ടം അവസാനിക്കും. തുടർന്ന് മാർച്ച് ഒമ്പതിന് സഭ വീണ്ടും ചേരുകയും ഏപ്രിൽ രണ്ടിന് സമ്മേളനം പൂർത്തിയാവുകയും ചെയ്യും.
അതേസമയം ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേ വരുന്ന 29ന് ചീഫ് ഇക്കണോമിക് അഡ്വൈസർ വി.അനന്ത നാഗേശ്വരൻ സമർപ്പിക്കും. നിർമല സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന ഒമ്പ്താമത്തെ ബജറ്റ് പ്രത്യേകതയും ഇത്തവണയുണ്ട്.

