വിബിജി റാം ജി ബില്ലില്‍ രാഷ്ട്രപതി ഒപ്പ് വച്ചു: ലക്ഷക്കണക്കിന് ആളുകളുടെ വരുമാനമാര്‍ഗത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാകും പുതിയ നിയമം.

ന്യൂഡല്‍ഹി : മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവന്ന വിബിജി റാം ജി (വികസിത് ഭാരത്ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ ഗ്രാമീണ്‍) പദ്ധതിക്കുള്ള ബില്ലില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു ഒപ്പുവച്ചു. കനത്ത പ്രതിഷേധങ്ങള്‍ക്കിടെ വിബിജി റാം ജി ബില്‍ ലോക്‌സഭയും രാജ്യസഭയും പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണു ബില്‍ രാഷ്ട്രപതി അംഗീകരിച്ചിരിക്കുന്നത്. ഇതോടെ ബില്‍ നിയമമായിരിക്കുകയാണ്.

വിബിജി റാം ജി ബില്ലിനെതിരെ ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷം കനത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. ലോക്സഭയില്‍ പ്രതിപക്ഷം ബില്‍ കീറിയെറിഞ്ഞിരുന്നു. വിബി-ജി റാം ജി ബില്ല് പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിക്കോ, സംയുക്ത പാര്‍ലമെന്ററി സമിതിക്കോ വിടണമെന്നായിരുന്നു കോണ്‍ഗ്രസ് മുന്നോട്ടുവച്ച ആവശ്യം. എന്നാല്‍ ഇതു തള്ളി ബില്‍ ലോക്‌സഭയില്‍ പാസാക്കുകയായിരുന്നു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഇത് തള്ളി ശബ്ദവോട്ടോടെ ബില്‍ രാജ്യസഭയും പാസാക്കിയിരുന്നു. പിന്നാലെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.

ബില്‍ നിയമമായതോടെ, നിലവില്‍ പദ്ധതിയില്‍ അംഗങ്ങളായ 22 ലക്ഷത്തോളം പേരില്‍ വലിയ പങ്ക് പുറത്താകാന്‍ സാധ്യതയുണ്ട്. തൊഴില്‍ദിനങ്ങള്‍ 125 ആയി ഉയര്‍ത്തുമെന്നാണു നിയമത്തില്‍ പറയുന്നതെങ്കിലും നിലവിലുള്ള 100 ദിവസം പോലും എത്താനുള്ള സാധ്യതയും വിരളം. പദ്ധതി നടപ്പാക്കുന്ന ഗ്രാമീണമേഖലകള്‍ കേന്ദ്രം വിജ്ഞാപനം ചെയ്യുക എന്നതുള്‍പ്പടെ നിബന്ധനകള്‍ നടപ്പാക്കുമ്പോള്‍ പദ്ധതി സ്വാഭാവികമായും ചുരുങ്ങും. ഇപ്പോള്‍ പദ്ധതിയിലുള്‍പ്പെട്ടവരില്‍ വലിയൊരു വിഭാഗത്തിന് തൊഴില്‍നഷ്ടമാകും, തൊഴില്‍ദിനങ്ങളും കുറയും. കാര്‍ഷിക സീസണില്‍ 60 ദിവസം വരെ തൊഴിലുറപ്പ് പാടില്ലെന്ന നിബന്ധനയും തൊഴില്‍ദിനങ്ങള്‍ ഗണ്യമായി കുറയാന്‍ ഇടയാക്കും. ഫലത്തില്‍ പദ്ധതി ഗുണഭോക്താക്കളായ ലക്ഷക്കണക്കിനു പേരുടെ വരുമാനമാര്‍ഗത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാകും പുതിയ നിയമം.

Leave a Reply

Your email address will not be published. Required fields are marked *