വാഷിംഗ്ടൺ ഡിസി: 50 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ പരിസരത്തെത്തിച്ച നാസയുടെ ആർട്ടെമിസ്-2 ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ബഹിരാകാശ യാത്രികരെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ദൗത്യം പൂർത്തിയാക്കി പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി തിരിച്ചെത്തിയ നാലംഗ സംഘത്തിന്റെ നേട്ടം അമേരിക്കയുടെ ബഹിരാകാശ ചരിത്രത്തിലെ ഉജ്ജ്വലമായ അധ്യായമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ഉടൻ തന്നെ പ്രസിഡന്റ് ട്രംപ് യാത്രികരെയും നാസ ടീമിനെയും അഭിനന്ദിച്ചു. അമേരിക്കൻ കരുത്തിന്റെ പ്രതീകമാണ് ഈ ദൗത്യമെന്ന് അദ്ദേഹം വ്യക്തമാക്കി.ചന്ദ്രന്റെ വിദൂരവശത്തുകൂടി (Far side of the moon) സഞ്ചരിച്ച ഈ ദൗത്യം, ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന അപ്പോളോ 13-ന്റെ റെക്കോർഡ് മറികടന്നിരുന്നു
ഏപ്രിൽ ഒന്നിന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് പുറപ്പെട്ട സംഘം പത്ത് ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് ഏപ്രിൽ 11-ന് ഭൂമിയിൽ തിരിച്ചെത്തിയത്.റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറെമി ഹാൻസൺ എന്നിവരായിരുന്നു ചരിത്ര ദൗത്യത്തിലെ അംഗങ്ങൾ.
ആർട്ടെമിസ്-2 വിജയിച്ചതോടെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനുള്ള അടുത്ത ഘട്ടമായ ആർട്ടെമിസ്-3 ദൗത്യത്തിലേക്കുള്ള വഴി തെളിഞ്ഞതായി വിലയിരുത്തപ്പെടുന്നു.ബഹിരാകാശ രംഗത്ത് അമേരിക്കയുടെ ആധിപത്യം വീണ്ടും ഉറപ്പിക്കുന്നതാണ് ഈ വിജയമെന്നും വരാനിരിക്കുന്ന ചൊവ്വാ ദൗത്യങ്ങൾക്കും ഇത് കരുത്തുപകരുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.

