ചിറകരിയരുതേ.. പറന്നോട്ടെ, ഈ പൂത്തുമ്പികള്‍; തടയാം കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍

തിരിച്ചറിവില്ലാത്ത പ്രായത്തില്‍ ഭയാനകമായ ഓര്‍മ്മകളുടെ നഖപ്പാടുകള്‍ നെഞ്ചിലേറ്റി ബാല്യത്തിന്റെ കൗതകവും നിഷ്്കളങ്കതയും പരിശുദ്ധിയും നഷ്ടമാകുന്ന കുരുന്നുകളുള്ള ലോകത്താണ് നാം ജീവിക്കുന്നത്.കുട്ടികള്‍ക്കുള്ളില്‍ ഒരു കുട്ടിയുടെ മനസ്സുണ്ടെന്നും അതു വളര്‍ന്നുവലുതായവരാണ് പിന്നീട് മുതിര്‍ന്നവര്‍ എന്നു വിളിക്കപ്പെട്ടതെന്നുമുള്ള കാര്യം പോലും ഓര്‍മ്മിക്കാനാവാത്ത വിധം ലൈംഗിക കാമനകളാല്‍ വികൃതവല്‍ക്കരിക്കപ്പെട്ട കാലവും സമൂഹവുമാണിന്ന്.ആണ്‍-പെണ്‍ ഭേദമില്ലാതെ കുട്ടികള്‍ വികൃത ചൂഷണത്തിനു വിധേയമാകുന്നതിന്റെ വാര്‍ത്തകള്‍ ദിനം തോറും നമ്മെ അലോസരപെടുത്തുന്നു.എന്തു കൊണ്ടാണ് ഇങ്ങനെ എന്ന് ചിന്തിച്ചു ചെല്ലുമ്പോള്‍ കുടുംബബന്ധങ്ങള്‍,വിദ്യാഭ്യാസം,സമ്പത്ത്,ആരോഗ്യം,മാധ്യമം,സിനിമ,മൊബൈല്‍ ഫോണ്‍ തുടങ്ങി വിപുലമാര്‍ന്ന മേഖലകളിലെ അന്വേഷണം ആവശ്യമായി വരുന്നു.

കേരളാ പോലീസിന്റെ കണക്കനുസരിച്ച 2023 ജൂണ്‍ വരെ ഉള്ള കണക്കനുസരിച്ച് കേരളത്തില്‍ 2234 പോസ്‌കോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.രജിസ്റ്റര്‍ ചെയ്യാത്ത കേസുകള്‍ ഇതിലും എത്രയോ അധികം.

കണക്കുകള്‍ ഇങ്ങനെയാണെങ്കിലും നമ്മളിവിടെ ചര്‍ച്ച ചെയ്യുന്നത് ഒറ്റയ്ക്കുള്ള ബലാല്‍സംഗത്തിനോ കൂട്ട ബലാല്‍സംഗത്തിനോ ഇരയാകുന്ന കേസുകളെ കുറിച്ചല്ല.വിവാഹ വാഗ്്ദാനം നല്കി പീഡനമാകുന്ന പോസ്‌കോ കേസുകളെ കുറിച്ചല്ല.ഒന്നും തിരിച്ചറിവില്ലാത്ത പ്രായത്തില്‍ ലൈംഗിക പീഡനത്തിനിരയാകുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ എന്തു ചെയ്യണം എന്നാണ്

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ ഏതൊക്കെ

മോശമായ ലൈംഗിക ചുവയുള്ള വാക്കുകള്‍ കുട്ടിയോട് പറയുക.കുട്ടിയുടെ ചുണ്ട്,കഴുത്ത്,തുട,ജനനേന്ദ്രിയം,നെഞ്ച്,പിന്‍വശം,തുടങ്ങി പ്രത്യേക ശരീരഭാഗങ്ങള്‍ ലക്ഷ്യമാക്കിയുള്ള തട്ട്,തലോടല്‍,നുള്ള്,അടി തുടങ്ങിയ ശാരീരിക പ്രയോഗങ്ങള്‍. കുട്ടിയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുക.(ഇവിടെ ‘കുട്ടിയുടെ സമ്മതം’എന്ന ഒരു ചോദ്യം ഉന്നയിക്കുന്നതില്‍ പ്രസക്തിയില്ല.18 വയസില്‍ താഴെയുള്ള ഏത് കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും വലിയ കുറ്റകൃത്യമാണ്.ലൈംഗികബന്ധത്തിന് സമ്മതം ഉണ്ട്/ഇല്ല എന്ന് തീരുമാനം (Decision-making capacity) പറയാനുള്ള പക്വത അവര്‍ക്കില്ല.അവരുടെ സമ്മതം ഒരിക്കലും നിയമസാധുത ഉള്ളതുമല്ല.)കുട്ടിയുടെ മുന്നില്‍ ലൈംഗിക/നഗ്നത പ്രദര്‍ശനം.കുട്ടിയുടെ മുന്നില്‍ വെച്ച് പോണ്‍ ചിത്രങ്ങള്‍ കാണുക,കുട്ടിയെ കാണാന്‍ നിര്‍ബന്ധിക്കുക.കുട്ടിയുടെ നഗ്നത ആസ്വദിക്കുകയും അത് പകര്‍ത്തുകയും ചെയ്യുക.സൈബര്‍ ലൈംഗിക പ്രവര്‍ത്തികളില്‍ (ചാറ്റിങ്,വെബ്ക്യാം,തുടങ്ങിയവ) ഏര്‍പ്പെടുക.വിധതരത്തിലുള്ള മറ്റ് വൈകൃതങ്ങള്‍ കുട്ടിയോട് പ്രകടിപ്പിക്കുക.

ലൈംഗിക അതിക്രമങ്ങള്‍ കുട്ടിയിലും സമൂഹത്തിലും സൃഷ്ടിക്കുന്ന ഭവിഷ്യത്ത്

1. കുട്ടിയുടെ മാനസിക വളര്‍ച്ചയെ അത് മോശമായി ബാധിക്കുന്നു.

2.അകാരണമായ ഭയം,ആത്മവിശ്വാസക്കുറവ്,മാതാപിതാക്കളോട് മാനസികമായി അകല്‍ച്ച, അവിശ്വാസം എന്നിവ കുട്ടിയിലുണ്ടാകുന്നു.

3.മുതിര്‍ന്ന അപരിചിതരായ ആളുകളുമായുള്ള സൗഹൃദം,സ്നേഹബന്ധം എന്നിവ കുട്ടികളെ പ്രശ്നങ്ങളിലേയ്ക്ക് നയിക്കാം.

4.ലൈംഗികാതിക്രമം നേരിടേണ്ടി വരുന്ന കുട്ടിയുടെ ജനനേന്ദ്രിയത്തിനും കൂടാതെ മറ്റ് ആന്തരികാവയവങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിക്കുകയും അത് മരണത്തിലേയ്ക്ക്് വരെ നയിക്കുകയും ചെയ്യാം.

5.ജൈവപരമായി വളര്‍ച്ച എത്തിയ പെണ്‍കുട്ടികളില്‍ ലൈംഗിക അക്രമത്തിന് ശേഷം ഗര്‍ഭധാരണം സംഭവിച്ച് അത് ഗുരുതര ആരോഗ്യ പ്രശ്നത്തിനും മരണത്തിനും കാരണമായേക്കാം.

6.പീഡനം അതിജീവിക്കുന്ന കുട്ടികള്‍ പഠനത്തിലും,വ്യക്തിബന്ധങ്ങളിലും വളരെ പിന്നാക്കം വലിയുന്ന പ്രവണത ഉള്ളതായും പഠനങ്ങള്‍ പറയുന്നുണ്ട്.

7.ചെറുപ്പത്തില്‍ പലവിധത്തില്‍ പീഡിപ്പിക്കപ്പെടുന്ന ആണ്‍കുട്ടികള്‍, പിന്നീട് വലുതാകുമ്പോള്‍ ലൈംഗികാതിക്രമ സ്വഭാവം കാണിക്കുകയും ഒപ്പം മദ്യം,മയക്കുമരുന്ന് എന്നിവക്ക് അടിമയായി,ആത്മഹത്യാ പ്രവണത, കൊലപാതകം തുടങ്ങി സാമൂഹ്യവിരുദ്ധ സ്വഭാവം കാണിച്ച് തുടങ്ങുകയും ചെയ്യാം.

8.പീഡനത്തിന് ഇരയായ കുട്ടികള്‍ വീടുവിട്ട് ഓടി പോവുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തേക്കാം.ഇന്ന് അതിക്രമം നേരിടുന്ന കുഞ്ഞുങ്ങള്‍ നാളെ പീഡകര്‍ ആയി മാറാനുള്ള സാധ്യതയും നമുക്ക് തള്ളിക്കളയാനാവില്ല.

കുഞ്ഞുങ്ങളെ തിരിച്ചറിവ് പരിശീലിപ്പിക്കാം

നമ്മുടെ വീട്ടില്‍ ഇത് സംഭവിക്കില്ല എന്ന് കരുതുന്നതാണ് ഈ വിഷയത്തിലെ ഏറ്റവും അപകടകരമായ ചിന്ത.ആര്‍ക്കും ഇങ്ങനെ സംഭവിക്കാം എന്ന് അറിയുക.ലൈംഗികകുറ്റവാളികള്‍ എവിടെയും മറഞ്ഞിരിക്കുന്നവരാണ്.കുട്ടികളെ അവര്‍ക്ക് വളരെ എളുപ്പത്തില്‍ ഇരകളാക്കാം. വിദ്യാഭ്യാസം,സാമ്പത്തികം,സമൂഹ്യപദവി ഇതൊന്നും കൊണ്ട് ഇത്തരം കുറ്റകൃത്യം ചെയ്യുന്നവരെ തരംതിരിക്കാനും കഴിയില്ല.സമൂഹത്തില്‍ ഏതു തട്ടിലും ഈ കുറ്റവാളികള്‍ പ്രത്യക്ഷപ്പെടും.കുട്ടികള്‍ക്ക് താരതമ്യേന പ്രതികരണശേഷി കുറവാണ് എന്നതാണ് ഈ കുറ്റവാളികള്‍ക്ക് കിട്ടുന്ന വലിയ സൗകര്യം.ഇത്തരം ആളുകളില്‍ നിന്ന് നമ്മുടെ കുട്ടികളെ സംരക്ഷിക്കാന്‍ വേണ്ട അറിവും കരുതലും ഓരോ വീട്ടില്‍ നിന്നും ഉണ്ടാവണം.കുട്ടികള്‍ക്ക് ചെറുപ്പം മുതല്‍ തന്നെ ലൈംഗികവിദ്യാഭ്യാസം കൊടുക്കാന്‍ മാതാപിതാക്കളും അടുപ്പമുള്ള മറ്റു കുടുംബാംഗങ്ങളും ശ്രമിക്കുക.സ്‌കൂളില്‍ നിന്ന് പഠിപ്പിച്ച് കൊടുക്കട്ടെ എന്ന് കരുതി കാത്തിരിക്കേണ്ട ആവശ്യമില്ല.

സ്വന്തം ശരീരം മറ്റുള്ളവര്‍ക്ക് ദുരുപയോഗം ചെയ്യാനുള്ളതല്ല എന്ന തിരിച്ചറിവ് 3,4 വയസ്സു മുതല്‍ മുകളിലേക്കുള്ള കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കാം.അതിന്റെ പ്രധാന ചുമതല കുട്ടികളുടെ മാതാപിതാക്കള്‍ക്ക് തന്നെയാണ്.അതെങ്ങനെ എന്ന് നോക്കാം.

തന്റെ ശരീരം തന്റെ മാത്രം സ്വത്താണെന്ന് കുട്ടിക്ക് പറഞ്ഞു കൊടുക്കുക.

കളികള്‍ക്കിടെ കുട്ടികള്‍ തമ്മില്‍ ശരീരം നോവിക്കുന്നത് കണ്ടു നില്‍ക്കുന്നതിന് പകരം കുട്ടിയോട്,’എന്റെ ശരീരം നോവിക്കാന്‍ ഞാന്‍ നിന്നെ സമ്മതിക്കില്ല എന്ന് പറയാന്‍ പഠിപ്പിക്കുക.അത് സാരമില്ല,പോട്ടെ എന്ന് പറയരുത്.തന്റെ ശരീരം വേദനിച്ചു,എന്ന് വീട്ടുകാരോട് പറയാന്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കുകയും ശരീരത്തില്‍ ഉണ്ടാകുന്ന പാടുകള്‍ എങ്ങനെ എന്ന് സ്ഥിരമായി അന്വേഷിക്കുകയും ചെയ്യുക.സഹോദരങ്ങളാണ് എങ്കില്‍ പോലും പരസ്പരം ഉപദ്രവിക്കുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്.കുഞ്ഞിന്റെ ഡയപര്‍ മാറ്റുക,കുളിപ്പിക്കുക,വസ്ത്രം മാറ്റുക തുടങ്ങിയവ പുറത്തുള്ള ആളുകളെ കൊണ്ട് കഴിവതും ചെയ്യിക്കാതെ നോക്കുക.(ഡേകെയര്‍ സ്റ്റാഫ്, ബേബിസിറ്റര്‍ എന്നിവര്‍ ഒഴിച്ചുള്ളവര്‍).വീട്ടില്‍ ശാരീരികമായ ശിക്ഷാനടപടികള്‍ കഴിവതും അരുത്.കുട്ടികളെ അവരുടെ ഇഷ്ടമില്ലാതെ ഒരിക്കലും ശരീരത്തില്‍ തൊട്ട് സ്നേഹം പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിക്കരുത്, പ്രത്യേകിച്ച് വീട്ടില്‍ വരുന്നവരോട്.’മോളെ/മോനെ നീ അങ്കിളിന്റെ/ആന്റിയുടെ മടിയില്‍ ഇരിക്കൂ, ഉമ്മ കൊടുക്കൂ’തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കുട്ടിയെ നിര്‍ബന്ധിക്കരുത്.വീട്ടില്‍ വരുന്നവരുടെ മുന്നില്‍ കുട്ടിയെ പ്രദര്‍ശിപ്പിച്ച്,അവര്‍ കുട്ടിയോട് ശാരീരിക സ്നേഹപ്രകടനങ്ങള്‍ നടത്തുന്നത് എപ്പോഴും ശരിയല്ല. നല്ല രീതിയിലുള്ളത് ആയാലും കുട്ടിക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അത് ചെയ്യാതിരിക്കുക.വരുന്നവരോട് അത് പറയുക.പകരം കൈ വീശി ‘ഹായ്’ പറയാനോ നമസ്തേ പറയാനോ പഠിപ്പിക്കാം.അയല്‍ക്കാരുടെ വീട്ടില്‍ കുട്ടിയെ സ്ഥിരമായി വിടാതിരിക്കുക.കുട്ടിക്ക് ആരോടെങ്കിലും ഇഷ്ടക്കേടുണ്ടെന്ന് അറിഞ്ഞാല്‍ ആ വ്യക്തിയുടെ അടുത്ത് ഒരിക്കലും കുഞ്ഞിനെ തനിച്ചാക്കരുത്.അത് നിങ്ങള്‍ക്കു പ്രിയപ്പെട്ട ആരായാലും.മാതാപിതാക്കളുടെ പ്രഥമ ഉത്തരവാദിത്തം സ്വന്തം കുട്ടികളോട് ആണെന്ന് ഓര്‍ക്കുക.

ഇരട്ടപേരിട്ടു വിളിക്കാതെ സ്വകാര്യ ഭാഗങ്ങളുടെ ശരിയായ പേര് പറഞ്ഞു കൊടുക്കാം

കുട്ടികളുടെ ശരീരത്തിലെ അവയവങ്ങളുടെ,സ്വകാര്യ ഭാഗങ്ങളുടെ ശരിയായ പേര് പറഞ്ഞ് കൊടുക്കാം.അത് കുട്ടിയുടെ മാനസിക വളര്‍ച്ച അനുസരിച്ച് മൂന്ന് വയസ്സു മുതല്‍ പഠിപ്പിച്ചു തുടങ്ങാം.കുട്ടികളുടെ സ്വകാര്യ ഭാഗങ്ങള്‍ക്ക് ഇരട്ട പേരിട്ട് വിളിക്കാതെ ശരിയായി അവരോട് പറഞ്ഞാല്‍ കൂടുതല്‍ നല്ലത്.അങ്ങനെ ചെയ്താല്‍ കുട്ടികള്‍ക്ക് സ്വന്തം ശരീര ഭാഗങ്ങളെ പറ്റി കൂടുതല്‍ അവബോധം ഉണ്ടാകും.സ്വകാര്യഭാഗങ്ങളെ കുറിച്ച് കുട്ടിയോട്,അല്ലെങ്കില്‍ കുട്ടികള്‍ കേള്‍ക്കെ സംസാരിക്കുമ്പോള്‍,അടക്കി ചിരിക്കുക,നാണിക്കുക തുടങ്ങി അപഹാസ്യമായ ശൈലി ഒഴിവാക്കുക.കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍,അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയില്‍ ആരെങ്കിലും തൊട്ടാല്‍ ഉടനെ അച്ഛനോടോ അമ്മയോടോ പറയണം എന്നും പഠിപ്പിക്കാം.തനിയേ കുളിക്കാന്‍ 3 വയസ്സു മുതല്‍ തന്നെ വീട്ടില്‍ പരിശീലനം നല്‍കാം.ആ സമയത്തു സ്വകാര്യ ഭാഗങ്ങള്‍ പരിചയപ്പെടുത്തി വൃത്തിയായി സൂക്ഷിക്കാന്‍ പഠിപ്പിക്കാം.ഡോക്ടറുടെ അടുത്ത് പോകുമ്പോള്‍ ഡോക്ടറുടെ സഹായത്തോടെ കുഞ്ഞിന് സ്വന്തം ശരീരത്തെക്കുറിച്ച് പറഞ്ഞു കൊടുക്കാം.

നല്ല സ്പര്‍ശനം മോശമായ സ്പര്‍ശനം

നല്ല സ്പര്‍ശനം കുട്ടിക്ക് സ്നേഹം,സുരക്ഷിതത്വം തുടങ്ങിയ തോന്നല്‍ ഉണ്ടാക്കുന്ന സ്പര്‍ശം ആണെന്ന് പറഞ്ഞു കൊടുക്കുക.ഉദാഹരണം,കരയുമ്പോള്‍ അമ്മ/അച്ഛന്‍ കെട്ടിപിടിക്കുന്നതും നെറ്റിയില്‍ ഉമ്മ വെക്കുന്നതും തലയില്‍ തലോടുന്നതുമൊക്കെ നല്ല സ്പര്‍ശനമാണ്.


മറിച്ച് മോശമായ സ്പര്‍ശനം എന്നാല്‍ കുട്ടിക്ക് മനസ്സില്‍ ഭയം,വെറുപ്പ്,അറപ്പ്,വേദന എന്നിവ തോന്നിപ്പിക്കും വിധം കുട്ടിയെ തൊടുന്ന രീതിയാണെന്ന് പറഞ്ഞു കൊടുക്കുക.ഉദാഹരണത്തിന്,തുടയുടെ ഉള്ളില്‍ കൈവെച്ച് തടവുക,അടിക്കുക,ചുണ്ട്/ജനനേന്ദ്രിയം തുടങ്ങിയ ഭാഗത്ത് തലോടുക,ഉമ്മ വെക്കുക ഇതൊക്കെയാണ് മോശം സ്പര്‍ശനം എന്ന് വളരെ വ്യക്തമായി പറഞ്ഞു കൊടുക്കുക.ബാലപീഡകര്‍,പലപ്പോഴും കുട്ടികളോട് നല്ല സ്പര്‍ശനത്തില്‍ തുടങ്ങി, ദിവസങ്ങള്‍ കൊണ്ട് കുട്ടിയുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം മാത്രമാവും മോശം സ്പര്‍ശനം തുടങ്ങുക. അതും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.കുട്ടികളുടെ സംശയങ്ങള്‍ക്ക് ക്ഷമയോടെ കേട്ട് മറുപടി പറയുക. കുട്ടിക്ക് മാനസികമായ പിന്തുണ കൊടുക്കുക.


കുട്ടി മറ്റു കുട്ടികളെ പറ്റിയോ മുതിര്‍ന്നവരെ പറ്റിയോ എന്തെങ്കിലും പറയാന്‍ തുടങ്ങിയാല്‍ അത് വളരെ ശ്രദ്ധിച്ചു കേള്‍ക്കുക.അതിന് പകരം,’നീ ഇതൊന്നും പറയണ്ട,പോയി കളിക്ക്/പഠിക്ക്’, ‘അതൊന്നും ഇവിടെ പറയേണ്ട’, ‘മുതിര്‍ന്നവരുടെ കാര്യം നീ അന്വേഷിക്കേണ്ട’, ‘അവര്‍ അങ്ങനെ ചെയ്യില്ല’, ‘സ്നേഹം കൊണ്ടാവും അങ്ങനെ ചെയ്തത്’ മുതലായ വാചകങ്ങള്‍ വേണ്ട.കുട്ടി തന്റെ വിഷമം പറയുമ്പോള്‍, അത് എത്ര ചെറുതെന്ന് നിങ്ങള്‍ക്കു തോന്നിയാലും ‘അത് നിനക്ക് തോന്നിയതാവും’ എന്ന് ഒരിക്കലും പറയാതിരിക്കുക.അത് കുട്ടിയുടെ ഉള്ളില്‍ ‘സത്യം ഏത് തോന്നല്‍ ഏത്’ എന്ന് തിരിച്ചറിയാന്‍ പ്രയാസമുണ്ടാക്കും.കുട്ടി നിങ്ങളോട് പിന്നീടൊന്നും പറയാതായേക്കാം.പകരം,അങ്ങനെ ഒരു വിഷമം ഉണ്ടെങ്കില്‍ ‘അത് അമ്മ/അച്ഛന്‍ അന്വേഷിക്കാം’എന്ന് പറയുക.അച്ഛനും അമ്മയും എപ്പോഴും കൂടെയുണ്ടെന്ന് കുട്ടിയെ ബോധ്യപ്പെടുത്തുക.കുട്ടി ആരോട് ആദ്യം തന്റെ മോശം അനുഭവം പറഞ്ഞാലും,അത് മാതാപിതാക്കള്‍ പരസ്പരം അറിയിക്കണം.അല്ലാതെ,’ഇത് നീ അച്ഛനോട് /അമ്മയോട് പറയേണ്ട.’എന്ന് കുട്ടിയോട്,മറച്ചു വെക്കാന്‍ പറയരുത്.അത് പൊതുവെ അമ്മമാര്‍ ആണ് കൂടുതല്‍ ചെയ്യാറുള്ളത്.ഒരിക്കലും ചെയ്യരുതാത്തതാണ് ഈ പ്രവണത.

കുട്ടികളെ വട്ടമിട്ട് പറക്കുന്ന കഴുകന്മാര്‍ എവിടെയും ഏതു രൂപത്തിലും വരാം.ആ കഴുകന്മാര്‍ സ്വന്തം വീട്ടിലാകാം,സ്‌കൂളില്‍ ഉണ്ടാകാം,കൂട്ടുകാരുടെ ഇടയിലുണ്ടാകാം,അയല്‍ക്കാരാകാം-ഇങ്ങനെ നമ്മുടെയിടയില്‍ തന്നെ അവര്‍ എവിടെയോ മറഞ്ഞിരിക്കുന്നുണ്ട്.എന്നാല്‍ അവര്‍ ഒളിഞ്ഞിരിക്കുന്ന കാളകൂടവിഷമാണ്. വളരെ എളുപ്പം കണ്ടുപിടിക്കാന്‍ കഴിയില്ല.അവര്‍ക്ക് അവസരം കൊടുക്കാതെ, കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ എപ്പോഴും ജാഗരൂകരായി ഇരിക്കുക എന്നുള്ളതാണ് നമ്മള്‍ മാതാപിതാക്കള്‍ ചെയ്യേണ്ടത്.

കുട്ടികള്‍ക്ക് കൂടുതലും പീഡനം ഏറ്റുവാങ്ങേണ്ടി വരുന്നത് അവര്‍ക്ക് പരിചയമുള്ളവരില്‍ നിന്ന് തന്നെയാണ്. ബന്ധുക്കള്‍, അയല്‍ക്കാര്‍, മാതാപിതാക്കളുടെ സുഹൃത്തുക്കള്‍.. കണക്കുകള്‍ പറയുന്നത് 90%വും അങ്ങനെ ആണെന്നാണ്. അങ്കിള്‍ ആവാം, സ്‌കൂളിലെ മാഷ്, ട്യൂഷന്‍ മാഷ്, അടുത്ത് നില്‍ക്കുന്നവര്‍ ആയിരിക്കും എപ്പോഴും.
നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍, ഈ അനുഭവം അനുഭവം കേള്‍ക്കുക. കഴിഞ്ഞ 25 വര്‍ഷമായി ഇടുക്കി ജില്ലയില്‍ തൊടുപുഴയില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മദര്‍ ആന്‍ഡ് ചൈല്‍ഡ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തില്‍ ഇത്തരത്തിലുള്ള ആയിര കണക്കിന് കുഞ്ഞുങ്ങളെ നോക്കിയിട്ടുള്ള ജോഷി മാത്യുവും ഭാര്യ സ്‌നേഹയും പറയുന്നു

സാധാരണ പോലെ ഹെറ്ററോ സെക്ഷ്വലായി, പാര്‍ട്ണറും കുടുംബവുമെല്ലാമായിട്ട് ജീവിക്കുന്നവരാണ് കൂടുതലും ഇത്തരം കേസുകളില്‍ പ്രതിസ്ഥാനത്ത് കാണാറുള്ളത്.അവര്‍ക്ക് വഴങ്ങുന്ന ലൈംഗിക പങ്കാളിയെ പെട്ടെന്ന് കിട്ടാത്തത് കൊണ്ട് കുട്ടികളുടെ നേരെ തിരിയുന്നതാവാം.ഒരു കുഞ്ഞിന്റെ കൂടെ തനിച്ച് വരുമ്പോള്‍,ആ സൗകര്യം മുതലെടുത്തു ചെയ്യുന്നതാവാം. കാരണങ്ങള്‍ പലതാണ്.

പോസ്‌കോ കേസുകള്‍

പോക്സോ കേസ് ഇരകളില്‍ 33 ശതമാനം ആണ്‍കുട്ടികള്‍

പോക്സോ കേസുകളിലെ ഇരകളില്‍ 33 ശതമാനം ആണ്‍കുട്ടികള്‍. പോക്സോ കേസുകള്‍ കൂടുന്നതിനൊപ്പം ഇരകളില്‍ ആണ്‍കുട്ടികളുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചു. പോക്‌സോ നിയമത്തിന്റെ പത്താം വാര്‍ഷിക ഭാഗമായി നടന്ന സെമിനാറിലാണ് ഈ വെളിപ്പെടുത്തല്‍. 2131, 2704, 3183, 3640, 3056, 3559, 4586 എന്നിങ്ങനെയാണ് 2016 മുതല്‍ 2022 വരെ രജിസ്റ്റര്‍ചെയ്ത പോക്സോ കേസുകള്‍.

പോക്സോ നിയമം പ്രാബല്യത്തില്‍വന്ന 2012ല്‍ ഇരുപത് ശതമാനത്തില്‍ താഴെയായിരുന്നു ആണ്‍കുട്ടികള്‍ ഇരകളായത്. പോക്സോ നിയമം സംബന്ധിച്ച അവബോധം കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാരണമായി. അതേസമയം പോക്സോ കേസുകള്‍ ദുരുപയോഗം ചെയ്യുന്നത് വര്‍ധിക്കുന്നതായും സെമിനാര്‍ മുന്നറിയിപ്പ് നല്‍കി. പ്രതിസ്ഥാനത്തുള്ളയാള്‍ നിരപരാധിയെന്ന് ബോധ്യപ്പെട്ടാലും ഇരയുടെ മൊഴിയും തെളിവുകളും പ്രകാരം ശിക്ഷിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടണമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

നിലവിലുണ്ടായിരുന്ന പഴയ നിയമത്തില്‍ നിന്ന് വ്യത്യസ്തമായി, ലൈംഗിക അക്രമം മാത്രമല്ല, കുട്ടികളെ അപമാനിക്കുന്ന എല്ലാ പ്രവൃത്തികളെയും ലൈംഗിക അക്രമമായി കുറ്റമായി കാണുന്നുവെന്നതാണ് പോക്സോയുടെ പ്രത്യേകത. കുട്ടികളുടെ അശ്ലീല ചീത്രങ്ങള്‍ ഉള്‍പ്പെടെ, കുട്ടികളെ ലൈംഗിക ചൂഷണത്തിന് സഹായിക്കുന്ന നിലപാടെടുക്കുന്നതും ഈ നിയമപ്രകാരം കുറ്റകരമാണ്.


പോക്സോ നിയമം ചുമത്തുന്നതോടെ പ്രതിക്ക് ഒത്തുതീര്‍പ്പിലൂടെ കേസില്‍ നിന്ന് തലയൂരാനുളള സാധ്യതകളും പഴുതുകളും അടയും. പ്രതിക്ക് ജാമ്യം കിട്ടില്ല. ഇരയായ കുട്ടി തന്റെ മൊഴി മാറ്റിപ്പറഞ്ഞാലും ആദ്യം പറഞ്ഞ മൊഴിയാകും നിലനില്‍ക്കുക.


കുട്ടികളെ ലൈംഗികച്ചുവയോടെ സ്പര്‍ശിക്കുന്നത് മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാനുളള കുറ്റകൃത്യമായി കണക്കാക്കും. ഈ കുറ്റം അധ്യാപകര്‍, മതാധ്യാപകര്‍, ഹോസ്പിറ്റര്‍ സ്റ്റാഫുകള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചെയ്താല്‍ തടവ് ശിക്ഷ 8 വര്‍ഷം വരെയാകാം. ഒരു കുട്ടി പീഡനത്തിനിരയായാല്‍ അവരുടെ രക്ഷിതാക്കള്‍ക്ക് പരാതിയില്ലെങ്കില്‍ മൂന്നാമതൊരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ ചോദ്യം ചെയ്യാവുന്നതും പരാതി നല്‍കാത്ത രക്ഷിതാക്കള്‍ക്കെതിരെ പോക്സോ ചുമത്താവുന്നതുമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം കേസുകള്‍ അധ്യാപകര്‍ മറച്ചുവച്ചാലും സമാനശിക്ഷ ലഭിക്കും.


കേസിന്റെ പ്രാരംഭം മുതല്‍ രഹസ്യസ്വഭാവം സൂക്ഷിക്കുമെന്നതാണ് പോക്സോയുടെ മറ്റൊരു പ്രത്യകത. കുട്ടിയെ തിരിച്ചറിയുവാന്‍ സാധിക്കുന്ന പേരോ, ഫോട്ടോയോ, ദൃശ്യങ്ങളോ, മേല്‍വിലാസമോ പുറത്തുപറയാന്‍ പാടില്ല, മാധ്യമങ്ങളില്‍ ഇരയെ തിരിച്ചറിയാന്‍ കഴിയുന്ന വാര്‍ത്ത വരാന്‍ പാടില്ല. കേസില്‍ കൈക്കൊണ്ട നടപടിക്രമങ്ങളെക്കുറിച്ചും പരിചരണത്തെക്കുറിച്ചും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെയും കോടതിയെയും ബോധ്യപ്പെടുത്തുകയും വേണം.


അതുപോലെ തന്നെ വളരെയേറെ ദുരുപയോഗം ചെയ്യപ്പെടുന്ന ഒരു നിയമമാണ് ഇത്. വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതിനായി കുട്ടികളെ കരുവാക്കി ഇത് ദുരുപയോഗം ചെയ്യാറുണ്ട്

Leave a Reply

Your email address will not be published. Required fields are marked *