ഇന്ത്യയില്‍ ഇനി ആഡംബര കാറുകള്‍ക്കും വിദേശ മദ്യത്തിനും വില കുറയും

ന്യൂഡല്‍ഹി: 18 വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായി. ‘എല്ലാ വ്യാപാര കരാറുകളുടെയും മാതാവ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കരാര്‍ നിലവില്‍ വരുന്നതോടെ ആഡംബര കാറുകള്‍, വൈന്‍, അത്യാധുനിക മരുന്നുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വില കുറയും.

മെഴ്‌സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു, ഔഡി തുടങ്ങിയ യൂറോപ്യന്‍ കാറുകളുടെ ഇറക്കുമതി തീരുവ നിലവിലെ 100 ശതമാനത്തില്‍ നിന്ന് ഘട്ടം ഘട്ടമായി കുറയ്ക്കും. ഏകദേശം 16 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള കാറുകളുടെ തീരുവ ഉടനടി 40 ശതമാനമായി കുറയും. ഇത് പിന്നീട് 10 ശതമാനം വരെയാക്കാനാണ് തീരുമാനം. ഇതോടെ ആഡംബര കാറുകളുടെ വിലയില്‍ ലക്ഷക്കണക്കിന് രൂപയുടെ കുറവുണ്ടാകും.

വിദേശ വൈനുകള്‍ക്കും സ്പിരിറ്റുകള്‍ക്കും മേലുള്ള 150 ശതമാനം തീരുവ 20 ശതമാനമായി കുറയ്ക്കും. പ്രീമിയം വൈനുകള്‍ക്കും സ്‌കോച്ച് വിസ്‌കികള്‍ക്കും വില ഗണ്യമായി കുറയാന്‍ ഇത് കാരണമാകും. ക്യാന്‍സര്‍ ചികിത്സയ്ക്കുള്ളവ ഉള്‍പ്പെടെയുള്ള അത്യാധുനിക യൂറോപ്യന്‍ മരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും വില കുറയും. കൂടാതെ ഇന്ത്യന്‍ മരുന്നുകള്‍ക്ക് യൂറോപ്യന്‍ വിപണിയിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ പ്രവേശനം ലഭിക്കും.

മൊബൈല്‍ ഫോണുകള്‍, ഹൈടെക് ഗാഡ്‌ജെറ്റുകള്‍, വിമാനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ എന്നിവയുടെ ഇറക്കുമതി തീരുവ ഒഴിവാക്കും. ഇന്ത്യന്‍ നിര്‍മ്മിത വസ്ത്രങ്ങള്‍, തുകല്‍ ഉത്പന്നങ്ങള്‍, ആഭരണങ്ങള്‍ എന്നിവയ്ക്ക് യൂറോപ്പിലെ 27 രാജ്യങ്ങളിലെ വിപണിയില്‍ വലിയ സ്വീകാര്യത ലഭിക്കാന്‍ ഈ കരാര്‍ വഴിയൊരുക്കും. സ്റ്റീല്‍, കെമിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് മേലുള്ള നികുതി ഇല്ലാതാകുന്നത് രാജ്യത്തെ വ്യവസായ മേഖലയ്ക്കും കരുത്താകും.

Leave a Reply

Your email address will not be published. Required fields are marked *