ക്രിസ്തുമസ് ആഘോഷം; പ്രധാനമന്ത്രി,കുര്‍ബാനയില്‍ പങ്കെടുത്തു, പള്ളിക്ക് മുന്നില്‍ വിശ്വാസികള്‍ പ്രതിഷേധിച്ചു

ഡല്‍ഹിയിലെ പള്ളിയില്‍ നടന്ന ക്രിസ്മസ് പ്രഭാത ശുശ്രൂഷയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് ദി റിഡംപ്ഷനില്‍ നടന്ന ക്രിസ്മസ് പ്രഭാത ശുശ്രൂഷയിലാണ് അദ്ദേഹം പങ്കുകൊണ്ടത്. ‘ഡല്‍ഹിയിലെ കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് ദി റിഡംപ്ഷനില്‍ നടന്ന ക്രിസ്മസ് പ്രഭാത ശുശ്രൂഷയില്‍ പങ്കെടുത്തു. സ്നേഹം, സമാധാനം, അനുകമ്പ എന്നിവയുടെ കാലാതീതമായ സന്ദേശം ഇവിടെ പ്രതിഫലിച്ചു. ക്രിസ്മസിന്റെ ആവേശം നമ്മുടെ സമൂഹത്തില്‍ ഐക്യവും നന്മയും പ്രചോദിപ്പിക്കട്ടെ,’ മോദി എക്‌സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു

രാവിലെ നടന്ന കുര്‍ബാനയടക്കമുള്ള പ്രാര്‍ത്ഥനാച്ചടങ്ങില്‍ മോദി പങ്കെടുത്തു. ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയുടെ ആസ്ഥാനമാണ് കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് റിഡംപ്ഷന്‍. പ്രാര്‍ത്ഥനകള്‍, കരോള്‍ ഗാനങ്ങള്‍, സ്തുതിഗീതങ്ങള്‍, ഡല്‍ഹി ബിഷപ്പ് ഡോ. പോള്‍ സ്വരൂപ് പ്രധാനമന്ത്രിക്ക് വേണ്ടി നടത്തിയ പ്രത്യേക പ്രാര്‍ത്ഥനയും ചടങ്ങില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ബിജെപി കേരള സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

അതേസമയം, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പായി കത്തീഡ്രല്‍ ചര്‍ച്ച് ഓഫ് റിഡംപ്ഷന് മുന്നില്‍ ചില വിശ്വാസികള്‍ പ്രതിഷേധിച്ചു.വിഐപി സന്ദര്‍ശനത്തിന്റെ പേരില്‍ വിശ്വാസികള്‍ക്കുള്ള ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പള്ളിക്ക് മുന്നില്‍ ബാരിക്കേഡുകളും മറ്റും സ്ഥാപിച്ച് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.രാവിലെ മുതല്‍ വിശ്വാസികളെ പള്ളിയിലേക്ക് കയറ്റുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതിഷേധമുയര്‍ന്നത്.

പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായിട്ടാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും രാജീവ് ചന്ദ്രശേഖര്‍ പിന്നീട് പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *