മുംബൈ: ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ വിമാനത്താവളമെന്നു വിളിക്കപ്പെടുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. ഇക്കൊല്ലം ഡിസംബറോടെ ഈ വിമാനത്താവളത്തില്‍ നിന്നു വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 19650 കോടി രൂപ ചെലവഴിച്ച് സിറ്റി ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷനുമായി ചേര്‍ന്ന് അദാനി ഗ്രൂപ്പാണ് വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത്. അഞ്ച് ഘട്ടങ്ങളിലെ വികസനം കഴിയുമ്പോള്‍ മാത്രമാണ് ഉദ്ദേശിച്ചിരിക്കുന്ന പൂര്‍ണ ലക്ഷ്യത്തില്‍ ഈ വിമാനത്താവളം എത്തിച്ചേരുക. ഇതില്‍ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനമാണ് ഇന്നലെ പ്രധാനമന്ത്രി നിര്‍വഹിച്ചത്. ഇതോടെ ഒന്നിലധികം വിമാനത്താവളങ്ങളുള്ള ആധുനിക നഗരങ്ങളുടെ പട്ടികയില്‍ മുംബൈയും ഇടംപിടിച്ചു. ഇവിടെ നിന്നുള്ള യാത്രാ ടിക്കറ്റുകളുടെ വില്പന ഈ മാസാവസാനത്തോടെ ആരംഭിക്കും. ഇന്‍ഡിഗോ, ആകാശ എയര്‍, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനക്കമ്പനികള്‍ ഇവിടെ നിന്നു സര്‍വീസ് ആരംഭിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗ്സിന്റെ സിഇഒ അരുണ്‍ ബന്‍സാല്‍ അറിയിച്ചു. വാഹന പാര്‍ക്കിങ് സ്ലോട്ടുകള്‍ മുന്‍കൂറായി ബുക്ക് ചെയ്യുന്നതു മുതല്‍ ബാഗേജ് പിക്അപ് വരെയുള്ള എല്ലാ കാര്യങ്ങളും ഇവിടെ ഡിജിറ്റലായാണ് ചെയ്യുന്നത്. അതിനാല്‍ ഓരോ ഘട്ടത്തിലും കാത്തിരിപ്പ് സമയം കുറയ്ക്കാനും യാത്ര അനായാസമാക്കാനും സാധിക്കും.
നവി മുംബൈ അന്താരാഷ്ട്ര വിമാനത്താളം തുറന്നു, വിമാന സര്‍വീസ് ഡിസംബര്‍ മുതല്‍

